യു.പി തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തിനെതിരേ ജില്ലാ ഭരണകൂടം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന വര്‍ഗീയ പ്രചാരണത്തിനെതിരേ ജില്ലാ ഭരണകൂടം രംഗത്ത്. ഷാംലി ജില്ലയിലെ കൈരാനയില്‍ നൂറുകണക്കിന് ഹിന്ദുക്കള്‍ മുസ്‌ലിംകളുടെ ഭീഷണി സഹിക്കാതെ പാലായനം ചെയ്യുന്നുവെന്ന പ്രചാരണത്തിനെതിരേയാണ് ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. ബി.ജെ.പി എം.പിയും മുസഫര്‍നഗര്‍ കലാപക്കേസിലെ ആരോപണവിധേയനുമായ ഹുകും സിങാണ് ആരോപണമുന്നയിച്ചത്.
ഹുകുംസിങ് തയാറാക്കിയ പട്ടികയില്‍ ഇപ്പോഴും പ്രദേശത്ത് താമസിക്കുന്നവരും 20 വര്‍ഷം മുന്‍പ് മരിച്ചവരും ഉള്‍പ്പെടുന്നതാണെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. നാടുവിട്ടവര്‍ മെച്ചപ്പെട്ട ജീവിതംതേടി ജോലിക്കായി പോയവരാണ്. ജില്ലാ ഭരണകൂടം നാലുവ്യത്യസ്ത സംഘങ്ങളെയാണ് പരാതി അന്വേഷിക്കാന്‍ നിയോഗിച്ചത്. തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കുന്ന സംഘം പട്ടികയിലുള്ള ഓരോ കുടുംബത്തെക്കുറിച്ചും പ്രത്യേകം അന്വേഷണം നടത്തിയിരുന്നു. പട്ടികയിലെ നാലുപേര്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചിരുന്നു. 13 പേര്‍ ഇപ്പോഴും അവരുടെ വീടുകളില്‍ താമസിക്കുന്നുണ്ട്. 68 പേര്‍ മെച്ചപ്പെട്ട ജീവിതംതേടി വര്‍ഷങ്ങള്‍ക്കുമുന്‍പ് കൈരാന വിട്ടവരാണെന്ന് ജില്ലാ പോലിസ് മേധാവി വിജയ് ഭൂഷണ്‍ പറഞ്ഞു. പട്ടികയിലെ മൂന്ന് കൊലപാതകക്കേസുകള്‍ പണം തട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞദിവസം ബി.ജെ.പി അനുകൂല ചാനലായ 'സീ ന്യൂസ് ' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. അലഹബാദില്‍ ഇന്നലെ സമാപിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും കൈരാന വിവാദം പരാമര്‍ശിച്ചിരുന്നു. കൈരാനയിലെ ഹിന്ദുക്കള്‍ പുറത്താക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനത്ത് ഉയരുകയും മുസഫര്‍നഗര്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തത്. കലാപത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഗീയധ്രുവീകരണം സാധ്യമായതോടെ യു.പിയില്‍ ബി.ജെ.പി വന്‍മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 80ല്‍ 74 സീറ്റുകളും ബി.ജെ.പിക്കാണ് ലഭിച്ചത്. ഇതേ തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."