കല്ലാച്ചി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ ആയുധം നിര്‍മിച്ചത് വടകരയില്‍നിന്ന്
വടകര: കല്ലാച്ചി റിന്‍സി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളായ അഞ്ചാംപുലി, രാജ എന്നിവരെ അന്വേഷണസംഘം വടകരയില്‍ തെളിവെടുപ്പിന് എത്തിച്ചു. കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആയുധം വടകരയില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമായി. ഇതിന്റെ തെളിവെടുപ്പിനാണ് കവര്‍ച്ചാസംഘത്തെയും കൊണ്ട് അന്വേഷണ സംഘം വടകരയിലെത്തിയത്. നീളമേറിയ ഇരുമ്പുപാരയും മറ്റും വടകര ജെ.ടി റോഡ് വളവിലെ കേരള ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നാണ് വാങ്ങിയത്. ഇന്നലെ രാവിലെ ഇവിടെയെത്തിച്ച പ്രതികളെ ജീവനക്കാരി തിരിച്ചറിഞ്ഞു.
നീളമേറിയ പാരയും ഉളിക്കു വേണ്ട ഇരുമ്പുമാണ് വാങ്ങിയത്. ഇരുമ്പുമായി ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍നിന്ന് സംഘം ഓട്ടോറിക്ഷയില്‍ ചോളംവയല്‍ റോഡിലെ ഇരുമ്പുപണിക്കാരന്റെ ഷെഡിലാണ് ആദ്യം എത്തിയത്. ഇന്നുതന്നെ രണ്ട് കഷണമാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. ഇവിടെനിന്ന് പറഞ്ഞതുപ്രകാരം ചോറോട് പുഞ്ചിരിമില്ലിലെ ഇരുമ്പുജോലിക്കാരന്‍ ബാലനെ സംഘം സമീപിച്ചു. അദ്ദേഹമാണ് പാര മുറിച്ച് രണ്ട് കഷണമാക്കി നല്‍കിയത്. ഒരുഭാഗം നേര്‍ത്തതാക്കുകയും മറുഭാഗം പരത്തുകയും ചെയ്തു. ഉളിയും ഉണ്ടാക്കിക്കൊടുത്തു. പരിചയമില്ലാത്തവരായതിനാല്‍ ആദ്യം വിസമ്മതിച്ചെങ്കിലും റോഡ് പണിക്കു വേണ്ടിയാണെന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം നിര്‍മിച്ചുനല്‍കിയത്. പ്രതികളെ ബാലനും തിരിച്ചറിഞ്ഞു.
വിരലടയാളം പതിയാതിരിക്കാന്‍ സോക്‌സ് വാങ്ങിയ പുതിയ സ്റ്റാന്‍ഡിലെ പൂമ്പാറ്റ ഫൂട്‌വെയറിലും ഇവരെ എത്തിച്ച് തെളിവെടുത്തു.
കവര്‍ച്ച നടന്ന ഡിസംബര്‍ നാലിന്റെ തലേന്നാണ് പ്രതികള്‍ വടകരയിലെത്തിയത്. കവര്‍ച്ചയ്ക്ക് തയാറെടുക്കുമ്പോള്‍ ഒരായുധവും സംഘം നാട്ടില്‍നിന്ന് കൊണ്ടുവരാറില്ല. പരിശോധനയില്‍ പിടിക്കാതിരിക്കാനാണിത്. കവര്‍ച്ചയ്ക്ക് പ്ലാന്‍ ചെയ്യുന്ന സ്ഥലത്തുനിന്ന് ദൂരെ മറ്റൊരിടത്തു നിന്നാണ് ആയുധങ്ങള്‍ സംഘടിപ്പിക്കുക.
ഇതിന്റെ അടിസ്ഥാനത്തിലാണു വടകരയിലെ ഇരുമ്പുകടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതും ആയുധങ്ങള്‍ നിര്‍മിച്ചതും. ഒരുസംഘം മൂന്നാം തിയതി രാവിലെയും രണ്ടാം സംഘം വൈകിട്ടുമാണ് വടകരയിലെത്തിയത്. പിന്നീട് കല്ലാച്ചിയിലേക്കു തിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."