അവകാശത്തിനുള്ള പോരാട്ടവുമായി വീല്‍ചെയറില്‍ ഫാസിലും ഫവാസും
മുഷ്താഖ് കൊടിഞ്ഞി
തിരൂരങ്ങാടി: ഈ ലോകത്തോളം വലുപ്പമുണ്ട് ഫാസിലിന്റെയും ഫവാസിന്റെയും സ്വപ്നങ്ങള്‍ക്ക്. നന്നായി പഠിക്കണം, ഉയര്‍ന്ന ജോലി സമ്പാദിക്കണം. ഈലോകം മൊത്തം കറങ്ങിക്കാണണം. സാമൂഹിക നന്മക്കുവേണ്ടി പ്രവര്‍ത്തിക്കണം. പക്ഷേ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച അധികൃതരുടെ നടപടികള്‍ക്കെതിരേയുള്ള നിയമ പോരാട്ടത്തിലാണ് ജീവിതം വീല്‍ചെയറില്‍ ഒതുക്കപ്പെട്ട ഈ ബാല്യങ്ങള്‍.
മൂന്നിയൂര്‍ പഞ്ചായത്തിലെ വെളിമുക്ക് വാല്‍പറമ്പില്‍ അഷ്‌റഫ്-ഹഫ്‌സത്ത് ദമ്പതികളുടെ മക്കളായ ഇരുവരും മസിലുകള്‍ ക്ഷയിച്ചുപോകുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖ ബാധിതരാണ്. പവര്‍ വീല്‍ ചെയറിന്റെ സഹായത്താല്‍ ജീവിതം മുന്നോട്ടുനയിക്കുന്ന ഇവര്‍ മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരുടെ മൂത്ത സഹോദരന്‍ സല്‍മാനുല്‍ ഫാരിസ് ഇതേ അസുഖം മൂലം അഞ്ചുവര്‍ഷം മുന്‍പ് മരിച്ചു. മൂന്നുപേര്‍ക്കും അഞ്ചുവയസുമുതലാണ് അസുഖം കാണപ്പെട്ടത്. നടത്തത്തില്‍ വിറയലാണ് ആദ്യം അനുഭവപ്പെട്ടത്. ക്രമേണ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്തവിധം ശരീരം തളര്‍ന്നു. വൈദ്യശാസത്രത്തില്‍ ഈ രോഗത്തിന് കാര്യമായി മരുന്ന് കണ്ടെത്തിയിട്ടില്ല. നേരത്തെ വീട്ടില്‍ ഒതുങ്ങിക്കൂടാനായിരുന്നു വിധി. പിന്നീട് പവര്‍ വീല്‍ചെയര്‍ സ്വന്തമാക്കി.
പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന ഫാസിലും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഫവാസും ദേശീയപാതയിലൂടെ വീല്‍ചെയര്‍ ഓടിച്ച് സ്‌കൂളില്‍ പോകുന്നുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും ഫാസില്‍ എ പ്ലസ് നേടിയിരുന്നു.
പഠനത്തിന്റെ ഭാഗമായി ജില്ലക്കകത്തും പുറത്തും പലതവണ സഞ്ചരിച്ചിട്ടുണ്ട്. വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യങ്ങളുണ്ടായിരുന്ന കെ.യു.ആര്‍.ടി.സി, കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസുകളിലായിരുന്നു യാത്ര. എന്നാല്‍ ഈയിടെയായി ബസുകളില്‍നിന്നും ഈ സൗകര്യം എടുത്തുകളഞ്ഞത് വന്‍തിരിച്ചടിയായി. ഇത് പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിലാണ് ഇവര്‍. സ്ഥലം എം.എല്‍.എ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ക്ക് നല്‍കിയ പരാതി കെ.എസ്.ആര്‍.ടി.സി എം.ഡി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കൈമാറിയെന്നാണ് വിവരം. ഇക്കാര്യം സൂചിപ്പിച്ച് ഫാസില്‍ ഈയിടെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടുണ്ട്. പാലത്തിങ്ങല്‍ ഫെയ്‌സ് ഫൗണ്ടേഷന്‍, ഗ്രീന്‍ പാലിയേറ്റിവ് എന്നിവയില്‍ സജീവ പ്രവര്‍ത്തകരാണ് ഇരുവരും. പിതാവ് അഷ്‌റഫ് വിദേശത്താണ് ജോലിചെയ്യുന്നത്. വലിയുപ്പ അലവിക്കുട്ടി ഹാജിയുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഉമ്മ ഹഫ്‌സത്തിന്റെ സഹായവും പ്രോത്സാഹനവുമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് ഫവാസും ഫാസിലും ഒരേസ്വരത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."