ദുരന്തത്തില്‍ വിറങ്ങലിച്ച് പള്ളിക്കര തേങ്ങുന്നു
ഉദുമ (കാസര്‍കോട്): പള്ളിക്കര ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും വിദ്യാനഗറിലെ ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടം ആറുപേരുടെ ജീവനെടുത്തതില്‍ വിറങ്ങലിച്ച് പള്ളിക്കര ഗ്രാമം തേങ്ങുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ നടന്ന അപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറു പേരുടെ ജീവനുകള്‍. തീരദേശപാതയില്‍ ബേക്കല്‍ പള്ളിക്കരയിലുണ്ടായ അപകടത്തില്‍ പള്ളിക്കര ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് പള്ളിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നോമ്പ് തുറയ്ക്കായി സക്കീനയുടെ മകള്‍ ഷെമീനയുടെ കാസര്‍കോട് വിദ്യാനഗര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ വീട്ടിലേക്കാണ് ഇവര്‍ കാറില്‍ യാത്ര തിരിച്ചത്. വൈകീട്ട് 6.30 ഓടെ പള്ളിക്കര പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വലിയ ആല്‍മരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. നോമ്പ് തുറയുടെ സമയത്തുണ്ടായ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തിന്റെ തീവ്രത കണ്ട് അന്ധാളിച്ചു. ജീവനുവേണ്ടി പിടയുന്ന കരങ്ങള്‍ പുറത്തേക്ക് നീണ്ടു. പിന്നീട് നടന്നത് വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. തകര്‍ന്ന കാറില്‍ നിന്നും നാല് പേരെ ആദ്യം പുറത്തെടുക്കാന്‍ കഴിഞ്ഞു. ഇതില്‍ രണ്ട് കുട്ടികളും, ഖൈറുന്നിസ, സക്കീന എന്നിവരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറുടെ സീറ്റില്‍ കുടുങ്ങിയ സജീറിനെയും മുന്‍ സീറ്റിലുണ്ടായിരുന്ന അര്‍ഷാദിനെയും പിന്നീടാണ് പുറത്തെടുത്തത്. ഇതില്‍ സജീറിന്റെ നില അതീവഗുരുതരമായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാറിനകത്ത് കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെടുത്തത്. മരണപ്പെട്ട ആറുപേരുടെയും ഖബറടക്കം ചേറ്റുകുണ്ടില്‍ ഇന്നു ഉച്ചതിരിഞ്ഞു നടക്കും.
ചേറ്റുകുണ്ട് മുതല്‍ പള്ളിക്കര വരെ നല്ല വീതി കൂടിയ റോഡായിരുന്നു. പള്ളിക്കരയിലെത്തിയപ്പോള്‍ ഒരു ഭാഗത്ത് മാത്രമാണ് കെ.എസ്.ടി.പി പണി പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തിരുന്നത്. റോഡില്‍ നിന്നും നിര്‍മാണം നടക്കുന്ന ഭാഗത്തേക്കു കയറുന്നതിനിടെ കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."