വരുന്നൂ, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലും പ്രാദേശിക ഭാഷ
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ പ്രാദേശിക ഭാഷകളില്‍ ആരംഭിച്ചേയ്ക്കും. ഇത് സംബന്ധിച്ച് ഉന്നതതല ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ചതായി സൂചന. സാങ്കേതിക കോഴ്‌സുകള്‍ ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന 22 പ്രാദേശിക ഭാഷകള്‍ പ്രകാരം കോഴ്‌സുകള്‍ നടത്താമെന്നായിരുന്നു ഉന്നതതല ശുപാര്‍ശ. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യക്കുറവുമൂലം ഒട്ടേറെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാത്തത് പരിഗണിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയം ശുപാര്‍ശ അംഗീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
പ്രാദേശികഭാഷകള്‍ പഠന മാധ്യമമായുള്ള സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠന മാധ്യമമായുള്ള സ്‌കൂളുകളിലെ കുട്ടികളെ അപേക്ഷിച്ച് ഉന്നത കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നതും വിലയിരുത്തിയാണ് പുതിയ നടപടി. സാധ്യമാകുന്നിടത്തെല്ലാം ഉന്നതവിദ്യാഭ്യാസത്തിനുള്ള പഠനമാധ്യമം മാതൃഭാഷയാക്കണമെന്നും ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. മാതൃഭാഷ പഠനമാധ്യമമായുള്ള ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഫണ്ടും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാരുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാദേശിക ഭാഷയിലാകുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ പ്രഫഷണല്‍ മേഖലകളിലേയ്ക്ക് വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."