ജനത്തിനുള്ളത് ജനത്തിനും ഹനുമാനുള്ളത് ഹനുമാനും
തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിനു തൊട്ടുപിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ പോയത് ഹനുമാന്‍ മന്ദിറിലേക്ക്. താന്‍ തികഞ്ഞ ഹനുമാന്‍ ഭക്തനാണെന്ന് കെജ്‌രിവാള്‍ ജനസമക്ഷം പണ്ടേ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് തന്ത്രമേയല്ല, ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്രീയത്തിനെതിരായി ബദല്‍ തീര്‍ക്കുമ്പോഴും ഹിന്ദുത്വത്തെ ആശയപരമായി പ്രതിരോധിക്കുക എന്നതൊന്നും അദ്ദേഹത്തിന്റെ അജന്‍ഡയിലില്ല. പ്രത്യയശാസ്ത്രങ്ങളായിരുന്നില്ല ആം ആദ്മി പാര്‍ട്ടിയെ പണ്ടു മുതല്‍ക്കേ നിയന്ത്രിച്ചു പോന്നത്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തു. വെള്ളക്കരം കുറക്കുക, വൈദ്യുതി നിരക്ക് താഴ്ത്തുക, വിദ്യാഭ്യാസത്തിന് ഗുണനിലവാരം ഉണ്ടാക്കുക, വൈദ്യസഹായം ജനങ്ങള്‍ക്ക് ഉറപ്പു വരുത്തുക തുടങ്ങിയവയായിരുന്നു കശ്മിരിന്റെ പ്രത്യേക പദവിയേക്കാളും ബാബരി മസ്ജിദ് തകര്‍ന്നതിനേക്കാളും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിനേക്കാളുമെല്ലാം എ.എ.പിക്ക് പ്രധാനം. വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വൈദ്യ സഹായം തുടങ്ങിയവയില്‍ ഒതുങ്ങി അവരുടെ അജന്‍ഡ.
ദേശീയത എന്ന ആശയത്തെ മറ്റൊരു ബദല്‍ പ്രത്യയശാസ്ത്രം കൊണ്ട് എതിര്‍ക്കാന്‍ എ.എ.പി ശ്രമിച്ചില്ല. കെജ്‌രിവാള്‍ ഷഹീന്‍ബാഗില്‍ പേയില്ല, ജാമിഅയിലോ ജെ.എന്‍.യുവിലോ അദ്ദേഹത്തെ കണ്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന് നേരെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കെജ്‌രിവാള്‍ ശ്രദ്ധിക്കാതിരുന്നത് അതുകൊണ്ടാണ്. കെജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സാഹചര്യവും നാം കണക്കിലെടുക്കണം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്നുകൊണ്ടാണ് കെജ്‌രിവാള്‍ തന്റെ രാഷ്ട്രീയ വഴികള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസിനെതിരായുള്ള സമരമെന്ന നിലയില്‍ ഹിന്ദുത്വം അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. മധ്യവര്‍ഗ സമൂഹത്തിന്റെ ഹിന്ദു ആഭിമുഖ്യം കെജ്‌രിവാളിലുമുണ്ടായിരുന്നു. ആ നിലക്ക് കശ്മിരിലെ ജനതയുടെ പൗരാവകാശങ്ങളോ സര്‍ക്കാറിന്റെ മനുഷ്യത്വവിരുദ്ധ നിലപാടുകളോ കെജ്‌രിവാളിനെ ഏറെയൊന്നും വേവലാതിപ്പെടുത്തിയിരിക്കാനിടയില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി വിലയിരുത്താനൊന്നും അദ്ദേഹം ശ്രമിച്ചിട്ടേയില്ല.
പ്രത്യയശാസ്ത്രങ്ങള്‍ മരിച്ചിരിക്കുന്നു. അതുകൊണ്ട് പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്താണ് തങ്ങള്‍ എന്നാണ് പണ്ടേ എ.എ.പി പറഞ്ഞു പോരുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു കൊണ്ടിരുന്നതിനേയും വിജയത്തിനു പിന്നാലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പൂജ നടത്താന്‍ പോയതിനേയും വിലയിരുത്താന്‍. അദ്ദേഹത്തിനു പ്രശ്‌നം ഇന്ത്യന്‍ മതേതരത്വമോ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോ അല്ല. ഡല്‍ഹിയിലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പൊതുസംവിധാനങ്ങള്‍ എത്രത്തോളം മെച്ചപ്പെടുത്താം എന്നത് മാത്രമാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ഏറ്റുമുട്ടാന്‍ വന്ന പ്രധാന ശത്രു ബി.ജെ.പി ആയിരുന്നു എന്നേയുള്ളൂ. ആമുഖമായി ഇത്രയും പറയേണ്ടി വരുന്നത് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന മട്ടിലുള്ള വിലയിരുത്തലുകളിലെ പൊള്ളത്തരം വ്യക്തമാക്കാന്‍ വേണ്ടിയാണ്.
ബി.ജെ.പി ഇന്ത്യയിലെവിടെയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ചില സുനിര്‍ണ്ണിത ആശയങ്ങളുടെ പിന്‍ബലത്തോടെയാണ്. ഹിന്ദുത്വ ദേശീയതയിലും അന്യ മതവിരോധത്തിലുമാണ് അവയുടെ അടിത്തറ. ഈ അടിത്തറയെ എതിര്‍ത്തുവോ എ.എ.പി? ഇല്ലെന്നുമാത്രമല്ല ബി.ജെ.പിയുടെ തീവ്ര ദേശീയതാ നിലപാടുകള്‍ക്കെതിരായി രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ട്ടി തീര്‍ത്തും അവഗണിക്കുകയും ചെയ്തു. ജാമിഅയിലും ജെ.എന്‍.യുവിലും നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ നേരെ കെജ്‌രിവാളോ പാര്‍ട്ടി നേതാക്കളോ തിരിഞ്ഞു നോക്കിയേയില്ല. ഷഹീന്‍ബാഗ് പ്രക്ഷോഭത്തെ ആപ്പ് പിന്തുണച്ചിട്ടില്ല. തങ്ങള്‍ക്കതില്‍ റോളൊന്നുമില്ല എന്നാണ് പാര്‍ട്ടി നിലപാട്. സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തുന്ന സ്പര്‍ദ്ധയുടെ രാഷ്ട്രീയ പ്രയോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം നിലപാടുകള്‍ എങ്ങനെ പ്രാപ്തമാകും?
എന്നാല്‍ ബി.ജെ.പിയുടെ എതിരാളി എന്ന നിലയില്‍ ഹൈന്ദവ തീവ്രതയുമായുള്ള ജനങ്ങളുടെ വിയോജിപ്പ് എ.എ.പിയെ തുണച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്തത് നല്ല ഭരണത്തിനാണ്. പ്രത്യയശാസ്ത്രത്തെ ഭരണ നിര്‍വഹണം മറികടക്കുന്നു എന്നാണ് ലളിതമായി പറഞ്ഞാല്‍ അതിനു പിന്നിലെ യുക്തി. അതേസമയം ഈ യുക്തി മാത്രമല്ല ബി.ജെ.പിയുടെ തകര്‍ച്ചക്ക് പിന്നിലുള്ളത്. ബി.ജെ.പി കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തി എന്നൊക്കെ പറയുന്നവരുണ്ട്. അത് ഒട്ടും ശരിയല്ല. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ആശയങ്ങളെ പിന്തുണച്ചവര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവയെ നിരാകരിച്ചു. ബി.ജെ.പി രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് തന്നെയാണ് അതിനു കാരണം.
ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയുന്ന പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങള്‍ എ.എ.പിയെ പിന്തുണച്ചു. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി അമാനുല്ലാഹ് ഖാന് ലഭിച്ച വന്‍ ഭൂരിപക്ഷം അതിനു തെളിവാണ്. ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം എ.എ.പിക്കു വോട്ടുചെയ്യുകയായിരുന്നു. അതായത് നല്ല ഭരണം എന്നത് മാത്രമായിരുന്നില്ല എ.എ.പിയെ പിന്തുണച്ച ഘടകം. എ.എ.പിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറയില്ല. സമ്മതിച്ചു. പക്ഷേ സാമാന്യ ജനത്തിന് പ്രത്യയശാസ്ത്രപരമായ വിവേകമുണ്ട്. ഈ വിവേകത്തിനൊപ്പം സഞ്ചരിക്കാന്‍ എ.എ.പിക്ക് കഴിയുമോ എന്നതാണ് ചോദ്യം. ജനത്തിനുള്ളത് ജനത്തിനും ഹനുമാനുള്ളത് ഹനുമാനും എന്ന നയം ഏതായാലും ബി.ജെ.പിക്ക് ബദലാവാന്‍ പര്യാപ്തമാവുകയില്ല. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നു പോയത് ഒരു പരിധിവരെ ഈ പരിമിതി മൂലമാണ്.
കെജ്‌രിവാളിന്റേത് തന്ത്രമാണെങ്കില്‍ അത്തരം തന്ത്രങ്ങള്‍ക്കതീതമാണ് ഗാന്ധിയന്‍ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ജനാധിപത്യം. ഒരേസമയം സനാതന ഹിന്ദുവും നല്ല മുസല്‍മാനുമാണ് താന്‍ എന്നായിരുന്നുവല്ലോ ഗാന്ധി പറഞ്ഞത്. കെജ്‌രിവാളാകട്ടെ ഷഹീന്‍ബാഗ് കാണാതിരിക്കുകയും ഹനുമാന്‍ മന്ദിറിലേക്കു പോവുകയും ചെയ്യുന്നു. ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ ബി.ജെ.പി വിരുദ്ധ ബദലിന് നേതൃത്വം നല്‍കാനാകും
പക്ഷേ ഒന്നുണ്ട്. ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് കടുത്ത ആഘാതമേല്‍പിക്കാന്‍ എ.എ.പിയുടെ വിജയത്തിന് സാധിച്ചു. ദേശീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും വര്‍ഗീയത വിഷയമാക്കുന്നതും വളരെയൊന്നും ഗുണകരമല്ല എന്ന തിരിച്ചറിവിലേക്ക് മോദിയേയും അമിത് ഷായേയും ഡല്‍ഹിയിലെ തോല്‍വി നയിച്ചിരിക്കണം. അതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്ന് തീര്‍ച്ച. അതിനാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയിലെ മതേതര ശക്തികള്‍ക്ക് തീര്‍ച്ചയായും ഉത്തേജകമാണ്. ഇന്ത്യയില്‍ നിന്ന് ഹൈന്ദവ തീവ്രവാദത്തെ പറിച്ചെറിയാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടാന്‍ ഡല്‍ഹി നിമിത്തമായി. പക്ഷേ ആ പോരാട്ടത്തിന്റെ നേതൃത്വം കെജ്‌രിവാളിലായിരിക്കും അര്‍പ്പിതമായിരിക്കുക എന്ന് പറയാന്‍ വയ്യ. ഡല്‍ഹി വേറെ, ദേശീയ രാഷ്ട്രീയം വേറെ. തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ബദല്‍ രൂപീകരണം എന്നൊക്കെ പറയുന്നത് ധൃതി പിടിച്ച പ്രവചനമാണ്.
ഒരര്‍ഥത്തില്‍ ആശയത്തിന്റെ രാഷ്ട്രീയത്തെ നിരാകരിക്കുകയാണ് കെജ്‌രിവാള്‍. ഭരണ നിര്‍വഹണമാണ് പ്രധാനം എന്ന് അദ്ദേഹം രാഷ്ട്രീയത്തിന് വ്യാഖ്യാനമെഴുതി. രാജ്യത്തിനാവശ്യം തൊഴിലാണ്, സാമ്പത്തിക നില മെച്ചപ്പെടലാണ്, ഉള്ളി വില കുറയലാണ്, ചുരുങ്ങിയ ചെലവില്‍ വൈദ്യസഹായം ലഭിക്കലാണ് എന്നെല്ലാം. ഇത് ഒരു തരം അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയമാണ്. ഈ ചിന്തക്ക് പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയില്ല. ഹൈന്ദവ ഫാസിസത്തിന്റെ രാക്ഷസീയമായ കരങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കു നേരെ നീണ്ടുവരുമ്പോള്‍ അതിനെ തടുത്തു നിര്‍ത്താന്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന രാഷ്ട്രീയം പോരാ. സ്വന്തം സാധ്യതകളും പരിമിതികളും കെജ്‌രിവാള്‍ തിരിച്ചറിയുമെന്ന് പ്രത്യാശിക്കുക. ആപ്പിന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദിശാമാറ്റത്തിന്റെ സൂചനയാണെന്ന് ആണയിടുന്നവരും ഈ പരിമിതികള്‍ തിരിച്ചറിയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."