അടച്ചുപൂട്ടിയ അരയങ്കോട് മദ്‌റസ തുറക്കണം; പ്രക്ഷോഭത്തിനൊരുങ്ങി മഹല്ല് നിവാസികള്‍
മാവൂര്‍: അടച്ചുപൂട്ടിയ അരയങ്കോട് ഹിദായത്തുല്‍ അനാം സെക്കന്‍ഡറി മദ്‌റസ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹല്ല് നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഹിദായത്തുല്‍ അനാം സെക്കന്‍ഡറി മദ്‌റസ പൂട്ടിക്കുകയെന്ന ലക്ഷ്യവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതല്‍ കാന്തപുരം വിഭാഗത്തിലെ ഏതാനുംപേര്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. അന്നു ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പൊലിസ് മദ്‌റസ താല്‍ക്കാലികമായി പൂട്ടിയിടുകയായിരുന്നു.
അതേസമയം, മദ്‌റസ അടച്ചുപൂട്ടിക്കുക എന്ന ലക്ഷ്യവുമായി കാന്തപുരം വിഭാഗം മാസങ്ങള്‍ക്കു മുന്‍പുതന്നെ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മദ്‌റസാ കമ്മിറ്റി വഖ്ഫ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 27ന് വഖ്ഫ് ട്രൈബ്യൂണല്‍ കോടതി ഇഞ്ചക്ഷന്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും രാഷ്ട്രീയ സമ്മര്‍ദം കാരണം കോടതിവിധി നടപ്പാക്കാന്‍ പൊലിസ് തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.വൈ.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രദേശത്ത് മഹല്ല് കമ്മിറ്റിയുടെ സ്ഥലം അന്യായമായി കൈവശപ്പെടുത്തി അനധികൃതമായി നിര്‍മിച്ച കെട്ടിടത്തില്‍ കാന്തപുരം വിഭാഗത്തിന്റെ ഐ.ഡി.സി എന്ന പേരില്‍ ഒരു സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത കൈയേറ്റം നടത്തിയ വഖ്ഫ് സ്വത്ത് തിരിച്ചുപിടിക്കാന്‍ മഹല്ല് നിവാസികള്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യവഹാരം നിലവില്‍ നടക്കുകയാണിപ്പോള്‍. എന്നിട്ടും സമസ്തയുടെ കീഴിലുള്ള സ്ഥാപനം അടഞ്ഞുകിടക്കവേ കാന്തപുരം വിഭാഗത്തിന്റെ അനധികൃത സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് തികച്ചും നിയമപാലകരുടെ ഭാഗത്തുനിന്നുള്ള വിവേചനപരമായ നടപടിയാണെന്ന് എസ്.വൈ.എസ് ഭാരവാഹികള്‍ ആരോപിച്ചു. മഹല്ല് കമ്മിറ്റിക്ക് വഖ്ഫ് ചെയ്ത ഭൂമിയില്‍ അനധികൃത കൈയേറ്റത്തിലൂടെ നിര്‍മിച്ച 8013-14 നമ്പര്‍ ബില്‍ഡിങ് പെര്‍മിറ്റ് പ്രകാരമോ കംപ്ലിഷന്‍ പ്ലാന്‍ പ്രകാരമോ അല്ല നിര്‍മിച്ചിട്ടുള്ളതെന്ന് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് രേഖകളില്‍ വ്യക്തമാണ്.
റോഡില്‍നിന്ന് ആവശ്യമായ അകലം പോലും പാലിക്കാതെയാണ് അനധികൃത കെട്ടിടം സ്ഥാപിച്ചത്. കൈയേറ്റവും അനധികൃത നിര്‍മാണവും നടത്തുകയും സമസ്തയുടെ സ്ഥാപനം അടച്ചുപൂട്ടിക്കുകയും ചെയ്ത കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന നിലപാടില്‍നിന്ന് നിയമപാലകര്‍ പിന്തിരിയണം.
വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എസ്.വൈ.എസ് ഭാരവാഹികളായ കെ.എം മുഹമ്മദ്, വി.കെ അബ്ദുല്ല, ടി.കെ സുലൈമാന്‍, പി. ഇബ്രാഹിം ഹാജി, കെ.എം അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."