സര്‍ക്കാരിന്റെ വിപണി നിയന്ത്രണം പാളി; ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിക്കുന്നു
നാദാപുരം: സര്‍ക്കാറിന്റെ വിപണി നിയന്ത്രണം പാളിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞാഴ്ച വരെ 44 രൂപയായിരുന്ന അരി വില അമ്പതിലേക്ക് കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് അരി വില കുതിക്കുന്നത് . ഭക്ഷ്യവകുപ്പിന്റെ നിഷ്‌ക്രിയത്വമാണ് അരി വില ഉയരാന്‍ കാരണമായി പറയുന്നത്. ഭക്ഷ്യ സുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച കാരണംകേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള സബ് സിഡികള്‍ വെട്ടിക്കുറക്കുകയാണ്. ഇതേ തുടര്‍ന്ന് ആവശ്യമായ ഭക്ഷ്യ വിഹിതം കേരളത്തിന് ലഭിക്കാതായി.അവസരം മുതലെടുത്ത് കേരളത്തിലെ അരി മൊത്തക്കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചതോടെ സാധാരണക്കാരുടെ മേല്‍ വന്‍ സാമ്പത്തിക ഭാരമാണ് വന്നു ചേര്‍ന്നത്.
മാസങ്ങളായി കേരളത്തിലെ റേഷന്‍ വിതരണം താറുമാറായിരിക്കയാണ്. ഇവ പരിഹരിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തു നിന്നു ഉണ്ടാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. റേഷന്‍ വസ്തുക്കളായ പഞ്ചസാര, മണ്ണെണ എന്നിവയും കാര്‍ഡുടമകള്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. നേരത്തെ മാസത്തില്‍ നാലു ലിറ്റര്‍ മണ്ണെണ്ണയാണ് കാര്‍ഡുടമക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ 500 മില്ലി ലിറ്റര്‍ മണ്ണെണ്ണയാണ് മാസ വിഹിതമായി ലഭിക്കുന്നത്. പഞ്ചസാര വിഹിതവും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. 38 രൂപ വിലയുണ്ടായിരുന്ന പഞ്ചസാര വില 45 രൂപയില്‍ എത്തി.
ഇതോടൊപ്പം മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയുംകുതിച്ചുയരുകയാണ്. പാല്‍ വില നാലു രൂപയാണ് കഴിഞ്ഞാഴ്ച വര്‍ധിപ്പിച്ചത്. വെളിച്ചെണ്ണ വിലയും കുതിച്ചുയരുകയാണ്. വിപണിയില്‍ കര്‍ഷകര്‍ക്ക് പച്ചത്തേങ്ങക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നതെങ്കിലും വെളിച്ചെണ്ണ വില റിക്കാര്‍ഡിലാണ്.120 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് 170രൂപയാണ് ഇപ്പോഴത്തെ വില. പഴം-പച്ചക്കറികള്‍ക്കും തീപിടിച്ച വിലയാണ്. വെളുത്തുള്ളിയുടെ വില 125 ല്‍ നിന്നു 160 രൂപയിലെത്തി, വര്‍ഷാരംഭത്തില്‍ 28 രൂപക്ക് ലഭിച്ചിരുന്ന ഇടത്തരം അരിക്ക് ഇപ്പോള്‍ 44 രൂപ നല്‍കണം. ഇടത്തരംതേയില വില 78 രൂപയില്‍ നിന്ന് 128 ആയും മുളകിന്റെ വില 130 തില്‍ നിന്ന് 180 ആയും, ചെറുപയറിന് 70 രൂപയില്‍ നിന്ന് 90 രൂപയായും ഉയര്‍ന്നു. 47 രൂപ വിലയുണ്ടായിരുന്ന വന്‍പയറിന് 65 രൂപയുമായി.
പച്ചക്കറിക്കും വില ഉയരുകയാണ്. 10 രൂപയുണ്ടായിരുന്ന തക്കാളിക്ക് 30 രൂപയും ബീന്‍സിന് 80 രൂപയും, വെണ്ട, പയര്‍ എന്നിവക്ക് 70 രൂപയുമാണ് വില. മുട്ട ,കോഴിയിറച്ചി എന്നിവയ്ക്കും വില വര്‍ധിച്ചു. 3.60 രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 4.50 രൂപയും, ഒരു കിലോ ഇറച്ചിയുടെ വില 120 രൂപയില്‍ നിന്നു 180 രൂപയായും ഉയര്‍ന്നു. പാല്‍ വില വര്‍ധിപ്പിച്ചതോടെ ഹോട്ടലുടമകള്‍ ചായയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്.
പാചകവാതകത്തിന് അടിക്കടിയുണ്ടാകുന്ന വില വര്‍ധനവും കച്ചവടത്തെ ബാധിക്കുന്നതായി ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നു. അഞ്ചു വര്‍ഷം കൊണ്ട് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വാഗ് ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് സാധാരണക്കാരന്റെ നടുവൊടിച്ച് വില കുതിച്ചുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."