വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച മകളുമായി പൂന്തോട്ടത്തില്‍ കളിച്ച് അമ്മ; വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതയ്‌ക്കൊപ്പം അപകടമാവുന്ന വിധം- വീഡിയോ
നാലു വര്‍ഷം മുന്‍പ് മരിച്ചുപോയ മകളെ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ ചേര്‍ത്തുപിടിച്ചും കളിപ്പിച്ചും അമ്മ. ഈ അനുഭവം ചേര്‍ത്തുവച്ച് സൗത്ത് കൊറിയയില്‍ നിന്നാണ് ഒരു ഡോക്യുമെന്ററി പുറത്തുവന്നിരിക്കുന്നത്.
അപൂര്‍വ്വ രോഗം ബാധിച്ച് മരിച്ച എഴു വയസുകാരി മകളെ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി ആവിഷ്‌കരിക്കുകയായിരുന്നു. വെറും പച്ച സ്‌ക്രീനുകള്‍ക്ക് മുന്‍പിലാണ് അമ്മ നില്‍ക്കുന്നതെങ്കിലും ഉപകരണങ്ങളുടെ സഹായത്തോടെ താന്‍ മകളോടൊപ്പം മറ്റൊരു ലോകത്ത് എത്തിയതായി അമ്മയ്ക്ക് തോന്നുന്നു.
വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസ്, ഹെഡ്‌സെറ്റ്, ക്യാമറ, പ്രത്യേക കയ്യുറ എന്നിവ ധരിച്ചായിരുന്നു പ്രത്യേകം സംവിധാനിച്ച മുറിയിലേക്ക് അമ്മ ജാങ് ജി സുങ്ങിനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്മ ഗ്ലാസിലൂടെ കാണുന്നതും യഥാര്‍ഥത്തില്‍ സംഭവിക്കുന്നതുമെല്ലാം കൂട്ടിച്ചേര്‍ത്താണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
നയോണയെന്ന കുട്ടിയോട് വാത്സല്യത്തോടെ അമ്മ ഇടപെടുന്നതും കവിളിലും കൈകളിലും മുടിയിഴകളിലും തൊടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ജാങ് ജി വികാരാധീനയാവുന്നു. ഒന്ന് കെട്ടിപ്പിടിച്ചോട്ടേയെന്ന് ചോദിക്കുന്നതും അതിന് സാധിക്കാതെ വരുന്നതും വീഡിയോയില്‍ കാണാം.
ഇവര്‍ തമ്മില്‍ വെര്‍ച്വല്‍ റിയാലിറ്റി സംഭാഷണവും നടക്കുന്നുണ്ട്. അമ്മയെന്നെ ഓര്‍ക്കാറുണ്ടോയെന്ന നയോണയുടെ ചോദ്യത്തിന്, എപ്പോഴും എന്നാണ് ജാങ് ജി മറുപടി നല്‍കുന്നത്.
പിന്നീട് പൂന്തോട്ടത്തില്‍ കുറേ സമയം ചെലവഴിക്കുകയും നയോണയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്നു. കേക്ക് മുറിച്ചും മറ്റുമാണ് വെര്‍ച്വല്‍ ലോകത്തു തന്നെ അവരിത് ആഘോഷിക്കുന്നത്. അവസാനം നയോണ കിടന്നുറങ്ങുന്നതും പിന്നീട് അപ്രത്യക്ഷമാവുന്നതുമാണ് ഡോക്യുമെന്ററി.
ചിത്രീകരണം ലൈവായി ജാങ് ജിയുടെ ഭര്‍ത്താവും മറ്റൊരു കുട്ടിയും കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ക്രിത്രിമമായാണെങ്കിലും മകളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പിന്നീട് ജാങ് ജി പ്രതികരിച്ചു. ചിലപ്പോള്‍ അത് ശരിക്കും സ്വര്‍മായിരിക്കാം, കുറച്ച് സമയത്തേക്കാണെങ്കിലും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ജാങ് ജി പറഞ്ഞു.
എന്നാല്‍ ഇത് അപകടം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മരിച്ചുപോയ പ്രിയപ്പെട്ടവരെ സൃഷ്ടിക്കുന്ന രീതി പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും മന:ശാത്രപരമായി പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."