കാറ്റിന്റെ ഉടവിടം തേടി...
സോണ്‍ ഓഫ് ഡെഡ് എയര്‍
കാറ്റ് മുന്നോട്ടാണു ചലിക്കുന്നത്. മുകളിലേക്കും താഴേയ്ക്കുമുള്ള കാറ്റിന്റെ ചലനം നിമിത്തം ചുഴലി രൂപപ്പെടുന്നു. ഭൗമോപരിതലത്തിനു തൊട്ടുമുകളിലുള്ള നിശ്ചലമായ വായു കാണപ്പെടുന്ന മേഖലയെ സോണ്‍ ഓഫ് ഡെഡ് എയര്‍ എന്നു വിളിക്കുന്നു.
ദ്രവിക്കല്‍ പ്രക്രിയ
പ്രധാനമായും ഡിഫ്‌ലാഷന്‍, അബ്രാഷന്‍ എന്നീ രണ്ടു പ്രവര്‍ത്തനങ്ങളിലൂടേയാണ് ദ്രവിയ്ക്കല്‍ പ്രക്രിയ നടക്കുന്നത്.
വരണ്ട അവസാദകണികകള്‍ മാറ്റം ചെയ്യപ്പെടുന്ന ഡിഫ്‌ലാഷന്‍ പ്രക്രിയയില്‍ മണല്‍ത്തരികളേയും മറ്റു പദാര്‍ഥങ്ങളേയും വഹിച്ചുപോകുന്നു. ഈ കാറ്റാണ് മണല്‍കാറ്റ്. അവസാദകണികകള്‍ മാറ്റപ്പെടുന്ന കാരണം വലിയ പാറക്കഷ്ണങ്ങള്‍ ഒരിടത്ത് കൂടുന്നു. ഇപ്രകാരം രൂപം കൊള്ളുന്ന പ്രദേശത്തെ ഡസേര്‍ട്ട് പേവ്‌മെന്റ്‌സ് എന്നു പറയുന്നു. ഈ പ്രവര്‍ത്തനഫലമായി തടാകങ്ങളും രൂപപ്പെടുന്നുണ്ട്.
അബ്രാഷന്‍ എന്ന പ്രതിഭാസത്തില്‍ കാറ്റു വഹിച്ചുകൊണ്ടുപോകുന്ന അവസാദകണങ്ങള്‍ പരസ്പരം കൂട്ടിമുട്ടുകയും അങ്ങനെ ദ്രവീകരണപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം 3060 സെ.മീ ഉയരത്തിലാണ് ഇത് കാര്യക്ഷമമായി നടക്കുന്നത്. ഈ പ്രവര്‍ത്തനഫലമായാണ് കൂണ്‍ പാറ അഥവാ ഗാര, സൂജെന്‍സ്, യാര്‍ഡങ്ങ്‌സ് എന്നീ ഭൂവിഭാഗങ്ങള്‍ രൂപപ്പെടുന്നത്.
വഹിച്ചുകൊണ്ടുപോകല്‍
കാറ്റ് അവസാദകണികകളെ മൂന്ന് പ്രവര്‍ത്തനങ്ങള്‍ വഴിയാണ് വഹിച്ചുകൊണ്ടുപോകുന്നത്. സസ്‌പെന്‍ഷന്‍, സാള്‍ട്ടേഷന്‍, ക്രീപ് എന്നിവ.
സസ്‌പെന്‍ഷന്‍
വ്യാസം 0.03മി.മീല്‍ കുറവായ കണികകളേയാണ് ഈ പ്രവര്‍ത്തനം വഴി വഹിച്ചുകൊണ്ടുപോകുന്നത്. കാറ്റിന്റെ വേഗതയനുസരിച്ച് ഈ പ്രവര്‍ത്തനഗതിക്കും മാറ്റം വരുന്നു. സില്‍റ്റ് ആന്‍ഡ് ക്ലേ എന്നറിയപ്പെടുന്ന കണികകളാണ് ഇപ്രകാരം വഹിക്കപ്പെടുന്നത്.
സാള്‍ട്ടേഷന്‍
കണികകളെ രണ്ടു പാളികളിലായി വഹിച്ചുകൊണ്ടുപോകുന്ന കാറ്റാണ് ഈ പ്രക്രിയ നടത്തുന്നത്. 0.03മി.മീല്‍ കൂടുതല്‍ വ്യാസമുള്ള കണികകളാണ് ഇപ്രകാരം വഹിക്കപ്പെടുന്നത്. മണല്‍ത്തരികള്‍ മുന്നോട്ടുപൊങ്ങുകയും വൃത്താകൃതിയിലുള്ള പാത സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മണല്‍ത്തരികള്‍ താഴേയ്ക്കു വന്ന് മറ്റൊരു മണല്‍ത്തരിയുമായി ഇടിക്കുകയും മുകളിലേയ്ക്കു പൊങ്ങുകയും ചെയ്യുന്നു.
ക്രീപ്
ഏറ്റവും വേഗത കുറഞ്ഞ വഹിച്ചുകൊണ്ടുപോകല്‍ പ്രക്രിയയാണ് ഇത്. വലിയ അവസാദകണികളേയാണ് ഇതില്‍ പ്രധാനമായും കൊണ്ടുപോകുന്നത്.
എയോളിയന്‍
നിക്ഷേപങ്ങള്‍
കാറ്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന നിക്ഷേപങ്ങളെ എയോളിയന്‍ നിക്ഷേപങ്ങള്‍ എന്നാണു പറയുന്നത്. കാറ്റിന്റെ വേഗതയ്ക്കനുസരിച്ച് നിക്ഷേപത്തിന്റെ തോതും വ്യത്യാസപ്പെടുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ ഭാരമേറിയ കണികകളാണ് നിക്ഷേപിക്കപ്പെടുന്നത്. കാറ്റിന്റെ നിക്ഷേപം ഒരു വേര്‍തിരിയ്ക്കല്‍ പ്രക്രിയ കൂടിയാണ്. നിക്ഷേപത്തെ പ്രധാനമായും ലയസ്, മണല്‍കുന്നുകള്‍ എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം.
ലയസ് നിക്ഷേപങ്ങള്‍
കാറ്റു വഹിച്ചുകൊണ്ടുപോകുന്ന പൊടിപടലങ്ങള്‍ കിലോമീറ്ററുകള്‍ക്കുശേഷം നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ പ്രധാനമായും കളിമണ്‍പൊടിയും സില്‍റ്റും കാണാം. ഓറഞ്ച് അഥവാ തവിട്ടുനിറത്തിലാണ് നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. ഈ നിക്ഷേപങ്ങള്‍ ഫലഭൂയിഷ്ഠമാണ്.
മണല്‍ക്കുന്നുകള്‍
കാറ്റിന്റെ വിശേഷപ്പെട്ട നിക്ഷേപമാണ് മണല്‍ക്കുന്നുകള്‍. വരണ്ടപ്രദേശങ്ങളിലും നദീതടങ്ങളിലും സമുദ്രതീരത്തും ഇവ വ്യാപിച്ചു കിടക്കുന്നു. ഏതുപ്രകാരമുള്ള തടസത്തിനുമുന്നിലും പിന്നിലും കാറ്റിന്റെ വേഗത കുറവായിരിക്കും. ഈ ഭാഗമാണ് കാറ്റിന്റെ നിഴല്‍ പ്രദേശം. തടസങ്ങള്‍ നിമിത്തം മണല്‍ക്കുന്നുകള്‍ രൂപപ്പെടുന്നു. മണല്‍ക്കുന്നുകളുടെ രൂപവത്കരണം കാറ്റിന്റെ ശക്തി, മണലിന്റെ ലഭ്യത, തടസ്സത്തിന്റെ പ്രകൃതി എന്നീ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മണല്‍ക്കുന്നുകളുടെ പ്രവര്‍ത്തനം അനുസരിച്ച് സജീവമായവ എന്നും നിര്‍ജീവമായവ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. സജീവമായവ സമയം മാറുന്നതിനുസരിച്ച് ആകൃതിക്കും പ്രകൃതിക്കും വ്യത്യാസം വരുത്തുന്നു. എന്നാല്‍ നിര്‍ജീവമായവ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതെ യാതൊരു മാറ്റവും ഇല്ലാതെ സ്ഥിതിചെയ്യുന്നു. മണല്‍ക്കുന്നുകളെ വീണ്ടും ബാര്‍ക്കന്‍സ്, ലോന്‍ജിറ്റിയൂഡിനല്‍ ഡ്യൂണ്‍സ്, പരാബൊളിക് ഡ്യൂണ്‍സ് എന്നിങ്ങനേയും തിരിച്ചിരിക്കുന്നു.
വ്യത്യസ്ത തരം കാറ്റുകള്‍
ഭൂഭ്രമണം, ഭൂപ്രകൃതി എന്നിവയ്ക്കനുസരിച്ച് കാറ്റിന്റെ ഗതിയിലും ദിശയിലും വ്യതിയാനമുണ്ടാകുന്നു. കാറ്റുകളെ സ്ഥിര വാതങ്ങള്‍, കാലികവാതങ്ങള്‍, അസ്ഥിരവാതങ്ങള്‍, ചക്രവാതങ്ങള്‍, പ്രാദേശികവാതങ്ങള്‍ എന്നിങ്ങനെ തരംതിരിയ്ക്കാറുണ്ട്.
സ്ഥിരവാതങ്ങള്‍
ഒരു നിശ്ചിത ദിശയിലേക്ക് മാത്രം വര്‍ഷം മുഴുവനും തുടര്‍ച്ചയായി വീശുന്നവയാണ് സ്ഥിരവാതങ്ങള്‍. ഇവയെ വീണ്ടും പശ്ചിമവാതങ്ങള്‍, വാണിജ്യവാതങ്ങള്‍, ധ്രുവീയവാതങ്ങള്‍ എന്നിങ്ങനെ തിരിക്കാം. ഏറ്റവും അധികം സ്ഥിരതയോടെ വീശുന്നവയാണ് വാണിജ്യവാതങ്ങള്‍. കിഴക്കുദിശയില്‍ ധ്രുവങ്ങളില്‍നിന്നു വീശുന്ന അതിശക്തമായ കാറ്റുകളാണ് ധ്രുവീയവാതങ്ങള്‍. ഉത്തരാര്‍ധഗോളത്തില്‍ തെക്കുപടിഞ്ഞാറുനിന്നും ദക്ഷിണാര്‍ധഗോളത്തില്‍ വടക്കുപടിഞ്ഞാറുനിന്നുമാണ് പശ്ചിമവാതങ്ങള്‍ വീശുന്നത്.
ദക്ഷിണ അക്ഷാംശം 40 ഡിഗ്രിക്കും 65 ഡിഗ്രിക്കും ഇടയില്‍ പശ്ചിമവാതങ്ങള്‍ വീശുന്നത് ശക്തമാണ്. തന്മൂലം നാവികര്‍ ദക്ഷിണ അക്ഷാംശം 35- 45ഡിഗ്രിയ്ക്ക് ഇടയില്‍ വീശുന്ന കാറ്റിന് അലറുന്ന നാല്‍പതുകള്‍ എന്നു പറയുന്നു. 45-55 ഡിഗ്രിക്കിടയില്‍ ഉള്ള കാറ്റിനെ ആര്‍ത്തലയ്ക്കുന്ന അന്‍പതുകള്‍ എന്നും 55-65 ഡിഗ്രിക്കി ഇടയില്‍ ഉള്ളതിനെ അലമുറയിടുന്ന അറുപതുകള്‍ എന്നും പറയുന്നു.
കാലികവാതങ്ങള്‍
ഋതുഭേദങ്ങള്‍ക്കനുസരിച്ച് ദിശയ്ക്ക് മാറ്റം സംഭവിക്കുന്നവയാണ് കാലികവാതങ്ങള്‍. മണ്‍സൂണ്‍ കാറ്റുകള്‍, കരക്കാറ്റ്, കടല്‍ക്കാറ്റ്, പര്‍വ്വതക്കാറ്റുകള്‍, താഴ്‌വരകാറ്റുകള്‍ ഇവയെല്ലാം കാലികവാതങ്ങളാണ്. പകല്‍സമയത്ത് കടലില്‍നിന്നു കരയിലേയ്ക്ക് വീശുന്നവയാണ് കടല്‍ക്കാറ്റ്. കരക്കാറ്റാവട്ടെ രാത്രിയില്‍ കരയില്‍നിന്നു കടലിലേയ്ക്ക് വീശുന്നവയാണ്. പകല്‍സമയത്ത് പര്‍വതച്ചെരിവുകളിലൂടെ മുകളിലേയ്ക്കു വീശുന്നതാണ് താഴ്‌വരക്കാറ്റ്. രാത്രിയില്‍ പര്‍വ്വതച്ചെരുവുകളിലൂടെ താഴേയ്ക്ക് വീശുന്നവയാണ് പര്‍വതക്കാറ്റ്.
പ്രാദേശിക വാതങ്ങള്‍
വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്നവയാണ് പ്രാദേശികവാതങ്ങള്‍. പ്രാദേശികമായുണ്ടാവുന്ന താപമര്‍ദ്ദ വ്യതിയാനങ്ങളാണ് ഇതിനു നിദാനം. നോര്‍വെസ്റ്റര്‍, ലൂ, മിസ്ട്രല്‍, ചിനൂക്ക്, ഫൊന്‍ എന്നിവയാണ് ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന പ്രധാന പ്രാദേശികവാതങ്ങള്‍.
അസ്ഥിരവാതങ്ങള്‍
സ്ഥലകാലക്രമങ്ങളില്ലാതെ രൂപം കൊള്ളുന്നവയാണ് അസ്ഥിരവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ക്ക് ചക്രവാതം, പ്രതിചക്രവാതം എന്നിവ ഉദാഹരണങ്ങളാണ്. അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറവ് മര്‍ദ്ദവും അതിനു ചുറ്റും ഉയര്‍ന്ന മര്‍ദ്ദവും അനുഭവപ്പെടുമ്പോഴാണ് ചക്രവാതം രൂപം കൊള്ളുന്നത്. തത്ഫലമായി കുറഞ്ഞ മര്‍ദ്ദം അനുഭവപ്പെടുന്ന സ്ഥലത്തുനിന്നു ചുറ്റുപാടിലേയ്ക്ക് വീശിയടിക്കുന്നു. ഇവ ഉത്തരാര്‍ധഗോളത്തില്‍ എതിര്‍ഘടികാരദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ ഘടികാരദിശയിലും വീശുന്നു.
പ്രാദേശിക ചക്രവാതങ്ങള്‍
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സമുദ്രങ്ങളില്‍ പ്രാദേശികമായി ചക്രവാതങ്ങള്‍ ഉടലെടുക്കാറുണ്ട്. മെക്‌സിക്കോയിലും വെസ്റ്റിന്റീസിലും ഉണ്ടാകുന്ന ചക്രവാതം ഹറികെയിന്‍ എന്നറിയപ്പെടുന്നു. ദക്ഷിണ ചൈനാക്കടലില്‍ രൂപം കൊള്ളുന്നവയെ ടൈഫൂണ്‍ എന്നും ദക്ഷിണ പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്നവ വില്ലിവില്ലീസ് എന്നും എന്നറിയപ്പെടുന്നു. അലന്‍, ഇസബെല്‍, ഇവാന്‍, എമിലി, കത്രീന, റീത്ത, വില്‍മ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചക്രവാതങ്ങള്‍.
കേന്ദ്രഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദവും ചുറ്റും കുറവ് മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേയ്ക്ക് വീശിയടിയ്ക്കുന്ന കാറ്റാണ് പ്രതിചക്രവാതം. ഇവ ഉത്തരാര്‍ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ എതിര്‍ഘടികാര ദിശയിലും വീശുന്നു.
ഹിപാലസ്
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകളാണിവ. ചെങ്കടലില്‍നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വഴി കണ്ടെത്തിയ ഗ്രീക് നാവികനായ ഹിപാലസ് ആണ് ഈ കാറ്റിനെ തിരിച്ചറിഞ്ഞത്.
ന്യൂസീലന്റില്‍, നോര്‍വെസ്റ്റ് കമാനം എന്നറിയപ്പെടുന്ന മേഘരൂപീകരണത്തിനും തുടര്‍ന്ന് വരണ്ട ചൂടന്‍ കാലാവസ്ഥയിലേക്ക് നയിക്കുന്നതുമായ കാറ്റാണ് നോര്‍വെസ്റ്റര്‍.
ഇന്ത്യയില്‍ അസം, ബീഹാര്‍ , ബംഗാള്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ പേമാരിക്കു കാരണമാകുന്ന കാറ്റുകളും ഇതേ പേരില്‍ അറിയപ്പെടുന്നു. ഉച്ചതിരിഞ്ഞാണ് ഈ കാറ്റുകള്‍ വീശുക. പൊടി പടലങ്ങളുയര്‍ത്തി പെട്ടെന്നു പ്രത്യക്ഷമാകുന്ന ഇവ രണ്ടോ മൂന്നോ മണിക്കൂര്‍ നീണ്ടു നില്‍ക്കും.
ഉഷ്ണക്കാറ്റാണ് ചിനൂക്ക്. ഈ കാറ്റ് കടന്നു പോകുന്ന പര്‍വതച്ചെരിവുകളിലെയും സമതലങ്ങളിലെയും മഞ്ഞുകട്ടകളെ ഉരുക്കിക്കളയുന്നു. റെഡ് ഇന്ത്യക്കാരുടെ ഭാഷയിലെ പദമാണ് ചിനൂക്ക്. മഞ്ഞുതിന്നുന്നവന്‍ എന്നാണ് ഇതിനര്‍ഥം. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ ഇതു താഴേക്ക് വീശുന്നു. ഇതു തണുത്ത മഴയ്ക്കു കാരണമാവാറുണ്ട്.
ഫെറല്‍ നിയമം
അമേരിയ്ക്കന്‍ കാലാവസ്ഥാശാസ്ത്രജ്ഞനായ വില്യം ഫെറല്‍ കാറ്റുകളുടെ ദിശയെ സംബന്ധിച്ച് ആവിഷ്‌കരിച്ച നിയമമാണിത്. ഉത്തരാര്‍ധഗോളത്തില്‍ കാറ്റിന്റെ ഗതി അതിന്റെ സഞ്ചാരദിശയുടെ വലതുവശത്തേയ്ക്കും ദക്ഷിണാര്‍ധഗോളത്തില്‍ ഇടതുവശത്തേയ്ക്കും വളയുന്നു എന്നാണീ നിയമം പറയുന്നത്.
കൊറിയോലിസ് ബലം
ഭൗമോപരിതലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. കാറ്റിന്റെ ദിശയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബലം കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കൊറിയോലിസ് ആണ്. അതുകൊണ്ടാണ് ഈ പ്രതിഭാസത്തിന് കൊറിയോലിസ് ബലം എന്നു പേരുവന്നത്.
കടല്‍ക്കാറ്റ്
പകല്‍സമയത്ത് കടലില്‍നിന്നു കരയിലേയ്ക്ക് വീശുന്ന കാറ്റാണ് കടല്‍ക്കാറ്റ്. പകല്‍സമയത്ത് സൂര്യപ്രകാശം മൂലം കര കടലിനേക്കാള്‍ അധികം ചൂടുപിടിക്കും. അപ്പോള്‍ കരക്ക് മുകളില്‍ ഉള്ള വായു എളുപ്പം ചൂടായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു തുടങ്ങും. ഇതുമൂലം കരയില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നു. അതേസമയം കരയെ സംബന്ധിച്ചിടത്തോളം കടലില്‍ ഉയര്‍ന്ന മര്‍ദമാണ്. വായു എപ്പോഴും ഉയര്‍ന്നമര്‍ദത്തില്‍നിന്നു കുറഞ്ഞ മര്‍ദത്തിലെക്ക് ആണ് പ്രവഹിക്കുക. അങ്ങനെ കടലില്‍ നിന്നു വായു കരയിലേക്ക് വീശുന്നു. ഇങ്ങനെ ആണ് കടല്‍ക്കാറ്റ് രൂപപ്പെടുന്നത്.
കരക്കാറ്റ്
രാത്രികാലങ്ങളില്‍ കര കടലിനെ അപേക്ഷിച്ച് പെട്ടെന്നു തണുക്കുന്നതുമൂലം കരയുടെ മുകളില്‍ ഉച്ചമര്‍ദവും കടലിനുമുകളില്‍ ന്യൂനമര്‍ദവുമായിരിക്കും. ഇത് കരയില്‍നിന്നു കടലിലേക്ക് കാറ്റുവീശുന്നതിനിടയാക്കും. ഇവയാണ് കരക്കാറ്റ്. രാത്രിയോടെ ആരംഭിച്ച് കരക്കാറ്റ് പുലര്‍കാലത്തോടെ സജീവമാവുന്നു. സൂര്യോദയത്തോടെ അവസാനിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."