പൈപ്പ് ലൈനെത്തുന്നില്ല; മഞ്ചേരിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മഞ്ചേരി: മഞ്ചേരിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. മാര്യാട്, പുല്ലഞ്ചേരി, പയ്യനാട്, തടപ്പറമ്പ്, വേട്ടേക്കോട് തുടങ്ങിയ വിവിധ പ്രദേശങ്ങളാണ് രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ അഭിമുഖീകരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകള്‍ ഉപയോഗിച്ച് ഇത്തരം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പല സ്ഥലങ്ങളിലും ലോറികളിലും മറ്റും വെള്ളമെത്തിച്ചാണ് ഇപ്പോള്‍ രൂക്ഷമായ പ്രതിസന്ധിയെ തരണം ചെയ്യുന്നത്. മഞ്ചേരിയിലും പരിസരങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ ചെരണി വാട്ടര്‍ ടാങ്കിലെ കുടിവെള്ളത്തെയാണ് കടുത്ത വേനലില്‍ പ്രധാനമായും ആശ്രയിക്കാറുള്ളത്.
മാരിയാട്ടെ വിവിധ ഭാഗങ്ങളിലാണ് കൂടുതല്‍ രൂക്ഷം.നാട്ടുകാരുടെ സഹായത്തോടെ നെടുമ്പാറയില്‍ കിണര്‍ കുഴിച്ച് അതില്‍ നിന്നുള്ള വെള്ളം വാഹനങ്ങളില്‍ വിതരണം ചെയ്തുവരികയാണ് നിലവില്‍ ചെയ്യുന്നതെന്ന് കൗണ്‍സിലര്‍ അലവി മാര്യാട് പറഞ്ഞു. പുല്ലഞ്ചേരി, പുന്നക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണുള്ളത്. നഗരസഭക്കു കീഴില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 80ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ടങ്കിലും ഇതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വേട്ടേക്കോട് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. വേട്ടേക്കോട് വാട്ടര്‍ കിയോസ്‌ക്ക് യാതാര്‍ത്ഥ്യമാവുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമം വലിയൊരളവോളം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. വാട്ടര്‍ കിയോസ്‌ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രത്യേക യോഗം കഴിഞ്ഞ ദിവസം മഞ്ചേരി വില്ലേജ് ഓഫിസില്‍ ചേര്‍ന്നിരുന്നു. മഞ്ചേരി നഗരത്തിലും വെള്ളക്ഷാമം രൂക്ഷമാണ്. മെഡിക്കല്‍ കോളജ് ,കോടതി ,ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി നഗരത്തിലും വാട്ടര്‍ അതോറിറ്റിയുടെ ചെരണി ജലസംഭരണിയിലെ വെള്ളം മാത്രമാണ് ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."