ജനത്തിന് വെള്ളം കിട്ടാക്കനി; വണ്ടൂരില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
വണ്ടൂര്‍: വരള്‍ച്ച കനത്ത് ജനം കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും അധികൃതരുടെ അനാസ്ഥ കാരണം വെള്ളം പാഴാകുന്നു. ജല അതോറിറ്റിയുടെ വണ്ടൂര്‍ ഓഫിസിന് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളാണ് പൊട്ടി ദിവസവും ലക്ഷകണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാകുന്നത്. വണ്ടൂര്‍ കാളികാവ് റോഡില്‍ തന്നെ നിലവില്‍ മൂന്നില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഒരേ സമയം ജലം പാഴായിപ്പോവുന്നുണ്ട്. ജല അതോറിറ്റിയുടെ വണ്ടൂര്‍ യതീംഖാന സ്‌കൂളിന് സമീപമുള്ള ടാങ്കില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് ഇവിടെ പൊട്ടിയിട്ടുള്ളത്. ടി.ബി ജംക്ഷന് സമീപം പൈപ്പ് പൊട്ടി സമീപത്തെ വീട്ടുമുറ്റങ്ങളിലേക്ക് വെള്ളം ഒഴുകുകയാണ്. ഇവിടുത്തുകാര്‍ കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുമ്പോള്‍ തന്നെയാണ് വീടിന് മുമ്പിലൂടെ ശുദ്ധജലം പാഴായി പോകുന്നത്. ഒരാഴ്ചയിലധികമായി ഈ മൂന്ന് സ്ഥലങ്ങളിലും പൈപ്പ് പൊട്ടിവെള്ളം പാഴാകുന്നു. പുറത്തേക്ക് ഒഴുകുന്നതിന്റെ ഇരട്ടി വെള്ളം പൊട്ടിയ ഭാഗത്ത് മണ്ണിലേക്ക് താഴ്ന്ന് പോകുന്നുമുണ്ട്. വീടുകളിലേക്കുള്ള വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വീടുകളിലേക്ക് വെള്ളം ഒഴുകിയെത്താതിരിക്കാന്‍ കെട്ടിനിര്‍ത്തി തിരിച്ചുവിടുകയാണ് വീട്ടുകാര്‍ ചെയ്യുന്നത്. പ്രദേശവാസികള്‍ ജല അതോറിറ്റി കാര്യാലയത്തില്‍ ഒരാഴ്ച്ച മുന്‍പ് വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. വാണിയമ്പലം, പഴയവാണിയമ്പലം, പുല്ലുപറമ്പ് കോളനി, മഞ്ചേരി റോഡ് എന്നിവിടങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ആഴ്ചകളോളം ജലം പാഴായിപ്പോയത് വാര്‍ത്തയായതിനെ തുടര്‍ന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് അനക്കമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."