സിംസ് സുരക്ഷാ പദ്ധതി: മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പങ്കെടുത്തത് ഒരൊറ്റ കമ്പനി മാത്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പൊലിസിന്റെ സിംസ് സുരക്ഷാ പദ്ധതിയിലേക്ക് കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്ത നടപടിക്രമങ്ങളില്‍ ദൂരൂഹത ഏറുന്നു. ആഗോള ടെന്‍ഡര്‍ മൂന്നു തവണ വിളിച്ചിട്ടും പങ്കെടുത്തത് തിരുവനന്തപുരത്തെ ഏക സ്വകാര്യ കമ്പനി മാത്രം.
മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചപ്പോഴും ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനി മാത്രമാണ് പങ്കെടുത്തത്. വലിയ സാമ്പത്തിക മുതല്‍മുടക്കുള്ള പദ്ധതിയായതുകൊണ്ടായിരിക്കും കൂടുതല്‍ പേര്‍ പങ്കെടുക്കാതിരുന്നതെന്നാണ് കെല്‍ട്രോണ്‍ മാനേജിങ് ഡയരക്ടര്‍ ടി.ആര്‍ ഹേമലത പറയുന്നത്. ആഗോള ടെന്‍ഡര്‍ രഹസ്യമാക്കിവച്ചതുകൊണ്ടാണ് വന്‍കിട കമ്പനികളൊന്നും വരാതിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
തിരുവനന്തപുരത്ത് പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗാലക്‌സോണ്‍. കൂടാതെ കമ്പനിയുടെ മൂന്നു ഡയരക്ടര്‍മാരില്‍ രണ്ടു പേരും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അയോഗ്യതാ പട്ടികയിലുള്ളവരുമാണ്.
ബെര്‍ണാഡ് രാജ് കുരിശപ്പന്‍ ലോറന്‍സ്, അബ്ദുല്‍ മുഹമ്മദ് റഷീദ് പകീര്‍, ലിസ്യ നുണ്‍സ് എന്നിവരാണ് കമ്പനിയുടെ ഡയരക്ടര്‍മാര്‍. ഇവരില്‍ ബെര്‍ണാഡ് രാജ് കുരിശപ്പന്‍ ലോറന്‍സും അബ്ദുല്‍ മുഹമ്മദ് റഷീദ് പകീറുമാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രിലായത്തിന്റെ അയാഗ്യതാ പട്ടികയിലുള്ളത്.
നേരത്തെ രണ്ടു കമ്പനികളുടെ ഡയരക്ടറായിരുന്ന അബ്ദുല്‍ മുഹമ്മദ് റഷീദ് ഈ കമ്പനികളുടെയും ബാലന്‍സ് ഷീറ്റും അനുബന്ധ രേഖകളും കൃത്യമായി സമര്‍പ്പിച്ചില്ലെന്ന കാരണത്താലാണ് അയോഗ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.
മറ്റൊരു ഡയരക്ടറായ ബെര്‍ണാഡ് രാജ് കുരിശപ്പന്‍ ലോറന്‍സും നേരത്തെ ഡയരക്ടറായിരുന്ന കമ്പനിയുടെ ബാലന്‍സ് ഷീറ്റ് കൃത്യമായി സമര്‍പ്പിക്കാത്തതിനാന്‍ തന്നെയാണ് അയോഗ്യനായത്. ഇങ്ങനെ അയോഗ്യരായ ഡയരക്ടര്‍മാറുള്ള കമ്പനിക്കാണ് പൊലിസിന്റെ സി.സി. ടി വി നിരീക്ഷണത്തിനുള്ള സിംസ് പദ്ധതിയുടെ നടത്തിപ്പിന് കരാര്‍ നല്‍കിയത്.
കേരളത്തില്‍ ആകെ മൂന്നു വര്‍ഷം മാത്രം പ്രവൃത്തിപരിചയമാണ് ഈ കമ്പനിക്കുള്ളത്. സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് 2017 ജൂലൈ 10നാണ് ഗാലക്‌സോണ്‍ കമ്പനി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കെല്‍ട്രോണ്‍ ടെന്‍ഡര്‍ രേഖകളില്‍ പിഴവുണ്ടായതായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ടെന്‍ഡര്‍ ഡോക്യുമെന്റിലാണ് പിഴവു സംഭവിച്ചിരിക്കുന്നത്.
സിംസിന്റെ ടെന്‍ഡര്‍ സ്വീകരിക്കുന്നത്തിനുള്ള അവസാന തിയതി രേഖപ്പെടുത്തിയിരിക്കുന്നത് 2018 ജൂലൈ 31നാണ്. എന്നാല്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ 2019ലാണ് നല്‍കിയിരിക്കുന്നത്. ഇത് അട്ടിമറി നടത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണോ അതോ സാങ്കേതിക പിഴവാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സാങ്കേതിക പിഴവാണെങ്കില്‍ പോലും സംസ്ഥാന പൊലിസിന്റെ പദ്ധതിയില്‍ വീഴ്ച സംഭവിക്കുന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയ ശേഷവും ഡി.ജി.പി ഈ പങ്കാളിത്തം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗാലക്‌സോണിനെ തെരഞ്ഞെടുത്ത് അഞ്ചു മാസം കഴിഞ്ഞ് പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവിലും കമ്പനിയുടെ പേര് വ്യക്തമാക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."