വിദേശ കമ്പനികളുടെ അനുമതിക്കായി ശ്രമം: മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുന്നതിന് വിദേശ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രാനുമതി ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ ദ്രുതഗതിയില്‍ നടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കിയാല്‍ ഓഹരി ഉടമകളുടെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തണമെങ്കില്‍ കൂടുതല്‍ രാജ്യാന്തര സര്‍വിസുകള്‍ ആരംഭിക്കേണ്ടതുണ്ട്. കൂടുതല്‍ ആഭ്യന്തര സര്‍വിസുകളും ഉണ്ടാവണം. എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും രാജ്യാന്തര സര്‍വിസ് ആരംഭിക്കാന്‍ ആവശ്യമായ പ്രാഥമിക പഠനം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ യാത്രാസൗകര്യവും അയല്‍ സംസ്ഥാനങ്ങളിലേക്കടക്കമുള്ള കയറ്റുമതി സാധ്യതയും മുന്‍നിര്‍ത്തി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സാധ്യത പ്രയോജനപ്പെടുത്തണമെങ്കില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സര്‍വിസ് ആരംഭിച്ചേ മതിയാകൂ. സര്‍ക്കാര്‍ അതിനായി നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ബഹറൈന്‍, കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വിസ് തുടങ്ങേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലേക്കും സര്‍വിസ് ആരംഭിക്കാന്‍ കഴിയണം.
അതിന് സംസ്ഥാനത്തിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നടക്കം യാത്രക്കാര്‍ ഈ വിമാനത്താവളത്തിലേക്ക് എത്തേണ്ടതായിട്ടുണ്ട്. വ്യവസായങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയണം. ഇതിനായി വിമാനത്താവളത്തിനടുത്ത് സ്ഥലമെടുപ്പിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍മാരും മന്ത്രിമാരുമായ ഇ. ചന്ദ്രശേഖരന്‍, ഇ.പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, ഡയറക്ടര്‍മാരായ അനന്തകൃഷ്ണന്‍ (ബി.പി.സി.എല്‍), ഡോ. ഹസന്‍കുഞ്ഞി, കിയാല്‍ മാനേജിങ് ഡയരക്ടര്‍ വി. തുളസീദാസ് പങ്കെടുത്തു.
വിമാനത്താവള ഓഹരി 3500 കോടിയായി ഉയര്‍ത്തും
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) ഓഹരി മൂലധനം 1500 കോടിയില്‍ നിന്ന് 3500 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ പൊതുയോഗം തീരുമാനിച്ചു. 100 രൂപാ മുഖവിലയുള്ള 20 കോടി ഓഹരികള്‍ വര്‍ധിപ്പിച്ചാണ് കമ്പനി മൂലധനം ഉയര്‍ത്തുക. അഡീഷനല്‍ ഡയരക്ടര്‍മാരായി മന്ത്രി ഇ.പി ജയരാജനെയും വ്യവസായി ഡോ. എം.പി ഹസന്‍കുഞ്ഞിയെയും ഡയരക്ടര്‍മാരാക്കി. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ഓഹരി ഉടമകളുടെ ആദ്യ യോഗമാണ് കണ്ണൂരില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."