'ഫ്രാങ്കോക്കെതിരായ കേസ് അട്ടിമറിക്കുന്നു'
തിരുവനന്തപുരം: മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. തങ്ങളെ സ്ഥലം മാറ്റി സമ്മര്‍ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറുവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഡി.ജി.പിക്കും വനിതാ കമ്മിഷനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. പരാതിക്കാരിയായ കന്യാസ്ത്രീയും ഒറ്റയ്ക്കും മറ്റുള്ള നാല് പേര്‍ ഒന്നിച്ചുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
സ്ഥലംമാറ്റ ഉത്തരവ് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പാലിച്ചിരുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം കുറുവിലങ്ങാട്ടെ മഠത്തില്‍ തുടരാനായിരുന്നു ഇവരുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്ത്യശാസനവും നല്‍കിയത്. സ്ഥലംമാറ്റം അടക്കമുളള സമ്മര്‍ദ തന്ത്രങ്ങള്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.
ദൈനംദിന ചെലവുകള്‍ക്കുള്‍പ്പെടെ സഭയില്‍നിന്ന് പണം നല്‍കുന്നില്ല. ചികിത്സയ്ക്കും യാത്രയ്ക്കുപോലും പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. തങ്ങള്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ പ്രധാനസാക്ഷിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മരണപ്പെട്ടതിന് സമാനമായ രീതിയില്‍ തങ്ങളെയും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ആയതിനാല്‍ മഠത്തില്‍ തുടരാന്‍ സുരക്ഷ ഒരുക്കണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയതിനാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
ജനുവരി മൂന്നിന് പുറപ്പെടുവിച്ച സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ജനുവരി പത്തിനാണ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. കേസ് തീരാതെ കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോകില്ലെന്ന് കന്യാസ്ത്രീകള്‍ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."