മലയോര മേഖലയില്‍ 400 കോടിയുടെ കുടിവെള്ള പദ്ധതിയുമായി ജലവകുപ്പ്
മുക്കം: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 400 കോടി രൂപ മുതല്‍ മുടക്കില്‍ വാട്ടര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബൃഹത് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. മുക്കം, കൊടുവള്ളി നഗരസഭകള്‍, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, മാവൂര്‍, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പദ്ധതിക്കു കീഴില്‍ വരിക. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ മുക്കം നഗരസഭ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയും രണ്ടാംഘട്ടത്തില്‍ കൊടിയത്തൂര്‍, മാവൂര്‍, ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളും മൂന്നാംഘട്ടത്തില്‍ കൊടുവള്ളി നഗരസഭ, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളുമാണ് വരിക. ആദ്യഘട്ടമായ 60 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റി മാവൂര്‍ പ്ലാന്റില്‍ നിന്നും ജലം നല്‍കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഹൗസ് കണക്ഷന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴിയാണ് നടപ്പിലാക്കുക. വെള്ളക്കരം പിരിക്കലും അറ്റകുറ്റപ്പണികളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ചുമതലയായിരിക്കും. ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്ന ടാങ്ക് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങല്‍ മലയിലാണ്.
40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് ഇവിടെ സ്ഥാപിക്കുക. മുക്കം കാരശ്ശേരി, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ ജലവിതരണം നടത്താന്‍ ഇത് പര്യാപ്തമാവും. പദ്ധതിയുടെ നടത്തിപ്പിനും വിശദമായ ചര്‍ച്ചകള്‍ക്കും വേണ്ടി മുക്കം മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, കൊടുവള്ളി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ വിനോദ് (കാരശ്ശേരി), സി.ടി.സി അബ്ദുല്ല (കൊടിയത്തൂര്‍), കെ.എസ് ബീന (ചാത്തമംഗലം), മുനീറത്ത് (മാവൂര്‍), ഗ്രേസി നെല്ലിക്കുന്നേല്‍ (ഓമശ്ശേരി), എന്‍.സി ഉസൈന്‍ (കിഴക്കോത്ത്), വി.സി അബ്ദുല്‍ ഹമീദ് (മടവൂര്‍), വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എന്‍ജിനിയര്‍ പി.വി സുരേഷ് കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ എം.കെ മൊയ്തീന്‍കോയ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷംസുദ്ദീന്‍, മുക്കം നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, നഗരസഭ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."