പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
കൊച്ചി: കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യം ഇവിടെ ഉദിക്കുന്നില്ല. സെന്‍സസ് എടുക്കാന്‍ കേരളം തയാറാണ്. അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ നിലപാട് കേന്ദ്ര സര്‍ക്കാരിനെയും കോടതിയേയും എല്ലാ ഉദ്യോഗസ്ഥന്‍മാരേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയില്ല. ഇന്ത്യയില്‍ ആകെയുള്ള ഈ നിയമം തിരുത്തിക്കുന്നതിന് കൂടുതല്‍ ശക്തമായ നിലപാട് തുടരേണ്ടതുണ്ട്. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ച് ഇറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരോട് സമരസപ്പെടാന്‍ തയാറായത് ആര്‍.എസ്.എസാണ്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായി ഇന്നത്തെ ഭരണാധികാരികള്‍ വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് നേതാവ് സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടയാളാണ്.
രാജ്യത്ത് ബ്രിട്ടീഷുകാര്‍ നട്ട വര്‍ഗീയ ചേരിതിരിവിന്റെ വിത്ത് ഏറ്റെടുത്തത് ആര്‍.എസ്എസ് ആണ്. ഭാരതീയ സംസ്‌കാരത്തെയല്ല, ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതിയാണ് ഇന്ത്യയിലെ ആര്‍.എസ്.എസുകാര്‍ അനുകരിക്കുന്നത്.
രാജ്യത്തുനിന്ന് മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന അവരുടെ നിലപാട് തന്നെ ഹിറ്റ്‌ലറുടെ നയത്തില്‍നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടതാണ്.
പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്കെതിരെ മാത്രമുള്ള ഒരു പ്രശ്‌നമായാണ് പലരും മനസിലാക്കിയിട്ടുള്ളതെന്നും എന്നാല്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ തുടര്‍ന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി.ജെ വിനോദ് എം.എല്‍.എ, ഏഴാച്ചേരി രാമചന്ദ്രന്‍, സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."