ബാങ്ക് ജീവനക്കാരന്റെ മരണം: സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മാനന്തവാടി: തവിഞ്ഞാല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ അരോപണ വിധേയനായ സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായിരുന്ന പി. വാസുവിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സി.പി.എം നേതൃത്വത്തിന് സമര്‍പ്പിച്ചു.
കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും തീരുമാനവും തിങ്കളാഴ്ച ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പങ്കെടുകുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ നടക്കും. ബാങ്ക് ജീവനക്കാരനായിരുന്ന തവിഞ്ഞാല്‍ 44 സ്വദേശി അനില്‍കുമാര്‍ 2018 ഡിസംബര്‍ ഒന്നിനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് തന്റെ രക്തം കൊണ്ട് ഒപ്പിട്ട ആറ് ആത്മഹത്യാ കുറിപ്പുകളും എഴുതി വെച്ചിരുന്നു.
ബാങ്ക് പ്രസിഡന്റായ പി. വാസു, സെക്രട്ടറി നസീമ, ബാങ്ക് ജീവനക്കാരന്‍ സുനീഷ് എന്നിവരുടെ മാനസിക പീഡനമാണ് തന്റെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമെന്നായിരുന്നു കത്തില്‍ എഴുതിയത്. ഇത് ഏറെ വിവാദത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം വാസുവിനെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. കത്തിലെ പരാമര്‍ശത്തെ കുറിച്ചും വാസുവിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി ബാലകൃഷ്ണന്‍, എം. റെജീഷ്, സണ്ണി ജോര്‍ജ് എന്നിവരടങ്ങിയ മൂന്ന് അംഗ സമിതിയേയും സി.പി.എം നിയോഗിച്ചിരുന്നു. ഈ സമിതിയാണ് കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് 50 ലധികം ആളുകളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് ലഭികുന്ന സൂചന. മാനന്തവാടി ഏരിയാ കമ്മറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കത്തില്‍ പരാമര്‍ശിച്ച പേരുകളില്‍ ബാങ്ക് ജീവനക്കാരന്‍ സുനീഷിനെ തലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പി. വാസു ഹൈക്കോടതിയിലും നസീമ ജില്ലാ കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്. വാസുവിന്റെ ജാമ്യം 25നും നസീമയുടെ ജാമ്യം 29 നും കോടതി പരിഗണിക്കും. അതേ സമയം സുനീഷിനെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ കാട്ടിമൂല, വെണ്‍മണി പ്രദേശങ്ങളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."