പൊലിസില്‍ നാളെ 'തോക്കെണ്ണല്‍'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള പൊലിസിനെ പ്രതിക്കൂട്ടിലാക്കിയ സി.എ.ജി റിപ്പോര്‍ട്ടിന്റെയും പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ അന്വേഷണം പ്രഹസനമാകുന്നുവെന്ന ആരോപണത്തിന്റെയും പശ്ചാത്തലത്തില്‍ നാളെ പൊലിസ് സേനയില്‍ തോക്കെണ്ണല്‍.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് സേനയില്‍ ഉപയോഗിക്കുന്ന തോക്കുകളുടെ കണക്കെടുക്കുന്നത്. സേന ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ എല്ലാം ക്യാംപിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇവയുടെ സീരിയല്‍ നമ്പര്‍ അനുസരിച്ചാകും കണക്കെടുക്കുക.
സംസ്ഥാനത്തെ പൊലിസ് സേനയുടെ പക്കല്‍ ഇന്‍സാസ് ഗണത്തില്‍ പെടുന്ന 606 തോക്കുകള്‍ ഉണ്ടെന്നാണ് കണക്ക്.
ഇവയില്‍ 25 എണ്ണം കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. ഇതിനു പുറമേ 1996ജനുവരി ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 16 വരെയുള്ള കാലയളവില്‍ എസ്.എ.പി ക്യാംപില്‍നിന്ന് വെടിയുണ്ടകള്‍ കാണാതായെന്ന കേസിലായിരുന്നു അന്വേഷണം പ്രഹസനമാകുന്നുവെന്ന ആരോപണം ഉയര്‍ന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനല്‍കുമാര്‍ ഈ കേസില്‍ മൂന്നാംപ്രതിയാണ്. അതു കൊണ്ടുതന്നെ നാളത്തെ തോക്കെണ്ണല്‍ സര്‍ക്കാരിനും കേരള പൊലിസിനും ഒരു പോലെ പ്രധാനമാണ്.
അതിനിടെ സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പടെ സംശയ നിഴലിലായ വിഷയത്തില്‍ കേരള പൊലിസിന്റെ തന്നെ ഭാഗമായ ക്രൈംബ്രാഞ്ച് നടത്തുന്ന കണക്കെടുപ്പിന്റെ വിശ്വാസ്യത എത്രത്തോളമാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."