കെ.എം ബഷീറിന്റെ മരണം: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു 'ശ്രീറാം വെങ്കിട്ടരാമന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ തുടക്കംമുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം. കേസിലെ അന്തിമ കുറ്റപത്രം ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
വാഹനമോടിച്ചത് താനല്ലെന്നും രണ്ടാംപ്രതിയായ വഫ ഫിറോസാണെന്നുമാണ് ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടും പൊലിസിന്റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ബഷീര്‍ മരിച്ചു. ഇതിനുശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ച് തെളിവുനശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫയ്‌ക്കെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 100 സാക്ഷി മൊഴികളാണുള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ചാല്‍ വാഹനമിടിച്ച് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്നും അറിവും ബോധ്യവുമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരേ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."