പൊന്നാകാതെ പൊന്നാനി: കോടികള്‍ വെള്ളത്തിലായി; ഹാര്‍ബര്‍ ഉപയോഗശൂന്യം
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: പൊതുഖജനാവിലെ പണം എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് 33 കോടി രൂപ ചെലവില്‍ നിര്‍മിച്ച പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍.ഇടതുപക്ഷത്തിന്റെ ഭരണനേട്ടമായി പ്രധാനമായി എണ്ണിപ്പറയുന്ന ഈ വന്‍ 'വികസനം' നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം മല്‍സ്യത്തൊഴിലാളികള്‍ കൈയ്യൊഴിയുകയായിരുന്നു.
ബോട്ടും വള്ളവുമടുപ്പിക്കാന്‍ സൗകര്യമുള്ള ഫിഷിങ് ഹാര്‍ബര്‍ എന്ന ലളിതമായ ആവശ്യം കരയിലും കടലിലുമല്ലാതെ കിടക്കുന്ന നിരാശയിലാണ് തീരം.പൊന്നൊഴുകുന്ന തീരദേശനഗരത്തിന്റെ പഴയ പ്രതാപമറിയുന്ന ആര്‍ക്കും ഫിഷിങ് ഹാര്‍ബറെന്ന ആവശ്യത്തെ അവഗണിക്കാനാവില്ല. തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും ജില്ലയുടെയാകെയും ചിത്രംതന്നെ മാറ്റിമറിക്കുമായിരുന്ന പദ്ധതി.ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാഥാര്‍ഥ്യമായിട്ടില്ലെന്ന് മാത്രം.പാളിപ്പോയ സ്വപ്നമെന്ന് പൊന്നാനി ഫിഷിങ് ഹാര്‍ബറിനെ വിളിക്കാം.
2011 ഫെബ്രുവരി 11ന് ഉദ്ഘാടനംചെയ്‌തെങ്കിലും മീന്‍പിടിത്ത ബോട്ടുകളൊന്നുംതന്നെ ഇന്നുവരെ നങ്കൂരമിട്ട് തുടങ്ങിയിട്ടില്ല. 28 ഏക്കറോളം ചുറ്റളവില്‍ പൊന്നാനിയില്‍ നിര്‍മിച്ച ഹാര്‍ബറിന്റെ നിര്‍മാണം അശാസ്ത്രീയമായതിനാലാണ് ബോട്ടുകള്‍ ഇപ്പോഴും ഇവിടെ നങ്കൂരമിടാനെത്താത്തതെന്നാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. പുഴയും കടലും ചേരുന്ന അഴിമുഖത്തുനിന്ന് ഹാര്‍ബറിലേക്കുള്ള സഞ്ചാരപാതയില്‍ മണ്ണടിഞ്ഞ് കൂടിയതിനാല്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് മുന്നോട്ടുവരാന്‍പറ്റാത്ത സാഹചര്യമാണുള്ളത്.പലപ്പോഴും ഇവിടെ ബോട്ടുകള്‍ മണല്‍ത്തിട്ടയില്‍ത്തട്ടി അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് വന്‍ സാമ്പത്തികബാധ്യതയാണ് വരുത്തുന്നതെന്നും മീന്‍പിടിത്തത്തൊഴിലാളികള്‍ പറയുന്നു. മാത്രമല്ല ബോട്ട് നങ്കൂരമിടുന്ന ലേലപ്പുരയോടുചേര്‍ന്ന് കെട്ടിയിടുമ്പോള്‍ അതില്‍ ചെന്നിടിച്ച് തകരാറുകള്‍ സംഭവിക്കുന്നതും മറ്റൊരു കാരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പല തവണ ഫിഷറീസ് വകുപ്പുമന്ത്രി പദ്ധതിപ്രദേശം സന്ദര്‍ശിച്ച് ഹാര്‍ബര്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് പറഞ്ഞിരുന്നു.ഇതുപ്രകാരം കഴിഞ്ഞ ജൂലായ് മാസത്തില്‍ 4.2 കോടി രൂപ ചെലവഴിച്ച് തുറമുഖത്തിലെ പുതിയ വാര്‍ഫിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി തന്നെ നടത്തി. മൂന്നര കോടി ചിലവഴിച്ച് പണി പൂര്‍ത്തികരിച്ച 78 ഫിഷ് സ്റ്റോറേജ് ഷെഡുകളുടെ താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചിരുന്നു.
ഇപ്പോഴും ഉദ്ഘാടനം കഴിഞ്ഞ ഷെഡ് അടഞ്ഞുതന്നെ കിടക്കുകയാണ്.ഈ ഷെഡില്‍ നിലവിലെ താല്‍ക്കാലിക ഷെഡിലെ സൗകര്യം പോലുമില്ലെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.ഹാര്‍ബറില്‍ പുതിയ വാര്‍ഫ് യാഥാര്‍ഥ്യമായാല്‍ ബോട്ടുകള്‍ മുഴുവനും അടുപ്പിക്കാനാവുമെന്നാണു പ്രതീക്ഷ. നിലവില്‍ ബോട്ടുകളടുപ്പിക്കുന്ന പാതാറിലെ മീന്‍ചാപ്പകളെല്ലാം പുതിയ ഹാര്‍ബറിലേക്ക് മാറ്റും.
അതോടെ ഹാര്‍ബര്‍ പൂര്‍ണപ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിലയിരുത്തല്‍.ഹാര്‍ബര്‍ നിര്‍മാണത്തില്‍ തകരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ നിലപാടാണ് കുഴപ്പങ്ങളുണ്ടാക്കുന്നതെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാര്‍ബറിന് ഒരു കുഴപ്പവുമില്ലെന്നും വര്‍ഷങ്ങളായി ബോട്ടടുപ്പിക്കുന്ന കടപ്പുറത്തുനിന്ന് പുതിയ ഹാര്‍ബറിലേക്ക് മാറുമ്പോഴുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ഹാര്‍ബര്‍ അനാഥമായതിനു പിന്നിലെന്നും അവര്‍ പറയുന്നു.
ഹാര്‍ബറിന്റെ പല ഭാഗങ്ങളും തകരുകയും പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വന്നത്.
( തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."