മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
നിലമ്പൂര്‍: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ചാലിയാര്‍ പഞ്ചായത്തിലെ ആനപ്പാറ ഇല്ലിക്കല്‍ വീട്ടിലെ ഷബീറിനെ (36) യാണ് ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസില്‍ മൂന്നു പേരെ പൊലിസ് സംഭവദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവര്‍ക്ക് സ്‌റ്റേഷനില്‍വച്ചുതന്നെ ജാമ്യം നല്‍കി വിടുകയായിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നു പിന്നീട് ഇവരുടെ ജാമ്യം റദ്ദ് ചെയ്‌തെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇവരില്‍ ഇടിവണ്ണ വലിയ കളത്തില്‍ ബൈജു ആന്‍ഡ്രൂസ്, ഇടിവണ്ണ അടക്കാചിറ ജയ്‌സണ്‍ ചാക്കോ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കി.
സംഭവത്തിലെ മറ്റൊരു പ്രതിയായ റഹ്മത്തുല്ല കേസില്‍ ജാമ്യം നേടിയ ശേഷം വിദേശത്തേക്കു കടന്നു. ഇയാള്‍ക്കുള്ള ലുക്കൗട്ട് നോട്ടീസ് പ്രധാന വിമാനത്താവളങ്ങളില്‍ പതിച്ചിട്ടുണ്ട്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയെ നിലമ്പൂര്‍ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ഇവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാളെ പിന്നീട് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകയേയും സഹോദരന്‍, സുഹൃത്ത് എന്നിവരേയും നിലമ്പൂര്‍-നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്തുവച്ച് ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."