വര്‍ണോത്സവമായി പുഷ്‌പോത്സവം
തൃശൂര്‍: പൂക്കളും പൂച്ചെടികളും കൊണ്ട് വടക്കും നാഥന് മുന്‍പില്‍ നിറച്ചാര്‍ത്തൊരുക്കി തൃശൂര്‍ പുഷ്‌പോത്സവം. പ്രണയത്തിന്റെ സങ്കല്‍പ്പമായ ഹോളണ്ടിന്റെ ദേശീയ പുഷ്പം ടുലിപ് പൂക്കളും അലങ്കാരങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പം കിങ് പ്രോട്ടിയയും വിശുദ്ധന്റെ പേരുള്ള ഹൈപെറിക്കം പെര്‍ഫോലിയേറ്റുമൊക്കെയാണ് 41 ാമത് പുഷ്‌പോത്സവത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിദേശ സുന്ദരികളായ സിമ്പേഡിയം, യെല്ലോ ക്രാസ്പീഡിയ ബില്ലി ബാള്‍സ്, വെറോണിക തുടങ്ങിയ ചെടികളും ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവയുടെ വൈവിധ്യഇനങ്ങളും ബാംഗ്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലെ പൂക്കളുമെല്ലാം ഇത്തവണത്തെ പുഷ്‌പോത്സവത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡച്ച് റോസ്, രാജകന്യക, കരിഷ്മ തുടങ്ങി 70 ഇനം റോസാപ്പൂച്ചെടികള്‍ പുഷ്‌പോത്സവത്തിന്റെ മാറ്റു കൂട്ടുന്നു. 70ഓളം വ്യത്യസ്ത ഇനം പക്ഷികളുടെ പ്രദര്‍ശനമാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. വിവിധതരം അലങ്കാര മത്സ്യങ്ങളും പ്രദര്‍ശനത്തിനുണ്ട്. മഹാപ്രളയത്തിലെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് പൂകൊണ്ട് തീര്‍ത്ത വഞ്ചിയും അതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കേരളവും അതിജീവനത്തെ ഓര്‍മപ്പെടുത്തുന്ന നിശ്ചല രംഗവുമൊക്കെ ആരുടേയും മനംകുളിര്‍പ്പിക്കും. കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എന്നിവയുടെ പ്രത്യേക പവലിയനും 50ഓളം സ്റ്റാളുകളും കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ടും കുട്ടികളുടെ വിനോദത്തിനായുള്ള സൗകര്യങ്ങളും പ്രദര്‍ശന നഗരിയിലുണ്ട്.
തൃശൂര്‍ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത്, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 27ന് വൈകിട്ട് അഞ്ചിന് പ്രദര്‍ശനം സമാപിക്കും. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."