ദയൂബന്ദ് ഭീകരവാദികളുടെ പ്രഭവകേന്ദ്രമെന്ന പ്രസ്താവന: ഗിരിരാജ് സിങ്ങിന് നോട്ടീസ് നല്കി ബി.ജെ.പി
ന്യൂഡല്‍ഹി: ദയൂബന്ദ് ദാറുല്‍ ഉലൂമിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് നോട്ടിസ് നല്കി ബി.ജെ.പി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കഴിഞ്ഞദിവസം മന്ത്രിയെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ച് വിശദീകരണം തേടുകയും ചെയ്തു.
ദയൂബന്ദ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. ''ദയൂബന്ദ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണ്. ഹാഫിസ് സഈദിനെ പോലെയുള്ള ഭീകരവാദികള്‍ പിറവി കൊള്ളുന്നത് ഇവിടെയാണ്''- ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
പരാമര്‍ശം വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിവച്ചപ്പോളും അദ്ദേഹം തന്റെ വാക്കുകളില്‍ ഉറച്ചു നില്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍. ബി.ജെ.പി കേന്ദ്ര നേതാക്കളുടെ കൂട്ടത്തില്‍ വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ് ഗിരിരാജ് സിങ്.
നേരത്തെ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം, ഗോലി മാരോ (പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലൂ) അടക്കമുള്ള ചില നേതാക്കന്മാരുടെ വിവാദ പരാമര്‍ശങ്ങള്‍ കാരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിയെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."