മിനിലോറി വീടിനുമുകളിലേക്ക് മറിഞ്ഞു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊടകര: വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനിലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. ചിറയത്ത് മേജിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശാരീരിക അവശതയുള്ള മേജിയുടെ അമ്മ വീടിന്റെ മുന്‍വശത്ത് കസേരയിലും ഒരു വയസുള്ള പിഞ്ചുകുഞ്ഞുമായി മേജി തൊട്ടടുത്ത മുറിലും ഉണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ശ്രീധര്‍മ്മ എച്ച് പി ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണത്തിനായി എത്തിയതായിരുന്നു മിനിലോറി. സമീപത്തെ വീട്ടില്‍ ബുക്കുചെയ്ത ഗ്യാസ് സിലിണ്ടര്‍ ഇറക്കി വെക്കുന്നതിനിടെ ഗിയറില്ആക്കി നിര്‍ത്തിയിട്ടിരുന്ന മിനിലോറി താനെ മുന്നോട്ടു പോവുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. വിതരണത്തിനായി കൊണ്ടുവന്ന 55 സിലിണ്ടറുകളില്‍ അഞ്ച് എണ്ണം വീടുകളില്‍ നല്കി. ബാക്കിയുള്ള സിലിണ്ടറുകള്‍ അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."