വൃത്തിയില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു
കോഴിക്കോട്: വട്ടക്കിണറില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഒജീന്‍ ബേക്‌സ് റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് പൂട്ടി. ഇവിടെ നിന്ന് ചിക്കന്‍ 65 കഴിച്ച് ചര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായി എന്നുകാണിച്ച് പന്നിയങ്കര സ്വദേശി പൊലിസ് മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. സ്ഥാപനം ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിബന്ധനകള്‍ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ ബോധ്യമാവുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന കോഴിയിറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ സ്‌ക്വാഡ് നശിപ്പിച്ചു. തുടര്‍ന്ന് നിബന്ധനകള്‍ പാലിക്കുന്നതു വരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചതിന് ലൈസന്‍സിക്ക് എതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമനുസരിച്ചുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും വകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ (ഇന്റലിജന്‍സ്), ഫുഡ്‌സേഫ്റ്റി ഓഫിസര്‍, പന്നിയങ്കര പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."