ശിവസേനയുടെ ചാഞ്ചാട്ടം
ശിവസേനയെക്കുറിച്ച് നേരത്തെതന്നെയുള്ള പരാതി തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയെന്നാണ്. ഏതുസമയവും വാക്കുകള്‍ മാറ്റിപ്പറയാന്‍ ഈ പാര്‍ട്ടിക്ക് യാതൊരു മടിയുമില്ല. ഭീമ- കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍.ഐ.എക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ ശരിവയ്ക്കുകയും ഇതിനെ അനുകൂലിച്ച് ശിവസേന രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അതൃപ്തി അറിയിച്ചത്. എന്നാല്‍, പൊടുന്നനെ നിലപാടുമാറ്റി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും ഉദ്ധവ് മലക്കംമറിഞ്ഞിരിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അദ്ദേഹം ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതും ഇനി മാറ്റിപ്പറഞ്ഞ് കൂടായ്കയില്ല.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) മഹാരാഷ്ട്രയില്‍ നടപ്പാക്കുകയില്ലെന്ന് ഭരണം ഏറ്റെടുത്തതിന്റെ പിന്നാലെ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്‍.പി.ആര്‍ നടപ്പാക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഭീമ- കൊറേഗാവ് സംഘര്‍ഷത്തിന് കാരണമായത് എല്‍ഗാര്‍ പരിഷത്ത് യോഗത്തിന്റെ ഫലമായിട്ടാണെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ തീരുമാനമുണ്ടായിയെന്നും ആരോപിച്ച് എല്‍ഗാര്‍ പരിഷത്ത് നേതാക്കളായ വരവരറാവു അടക്കമുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസും എന്‍.ഐ.എക്ക് വിട്ടിരിക്കുകയാണിപ്പോള്‍. ഇതിനെയും മഹാരാഷ്ട്ര സര്‍ക്കാര്‍ അനുകൂലിച്ചിരിക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ തീരുമാനം മഹാവികാസ് ആഘാഡി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
വിവാദ വിഷയങ്ങളും മറ്റും ഒഴിവാക്കി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ സഖ്യത്തിന് ഇനി അധികകാലം ആയുസുണ്ടാകുമെന്ന് തോന്നുന്നില്ല. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് രണ്ടാമതൊരിക്കല്‍കൂടി മുഖ്യമന്ത്രിപദം അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രിപദം തങ്ങള്‍ക്ക് വേണമെന്നുള്ള ശിവസേനയുടെ കടുംപിടുത്തത്തെ തുടര്‍ന്നായിരുന്നു ശിവസേന- ബി.ജെ.പി സഖ്യം പൊളിഞ്ഞത്. ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസും എന്‍.സി.പിയും മഹാവികാസ് ആഘാഡി സഖ്യം രൂപീകരിച്ചത്. ഇപ്പോള്‍ ഈ സഖ്യം തകര്‍ത്ത് പുറത്തേക്കുചാടാന്‍ ഉദ്ധവ് താക്കറെ അവസരം പാര്‍ക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമൊട്ടാകെ നടക്കുന്ന സമരം അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ദേവേന്ദ്ര ഫഡ്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കുകയില്ലെന്ന ശിവസേനയുടെ വാശിയെ തുടര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുന്നതില്‍നിന്ന് ബി.ജെ.പി പിന്മാറുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തെക്കാള്‍ വലുത് നിലനില്‍പ്പാണെന്ന് സംഘ്പരിവാര്‍ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രിപദം ഉദ്ധവ് താക്കറെക്ക് നല്‍കിയിട്ടാണെങ്കിലും മഹാരാഷ്ട്രയിലെ ബി.ജെ.പി- ശിവസേന സഖ്യം തിരിച്ചുപിടിക്കണമെന്ന് സംഘ്പരിവാര്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ടാകണം. ഉദ്ധവ് താക്കറെയുടെ ഏറ്റവുമടുത്ത സുഹൃത്തായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ദൂതനായി ഉപയോഗിക്കുന്നുണ്ടാകണം ബി.ജെ.പി.
ഉദ്ധവ് താക്കറെ എന്‍.പി.ആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും ഭീമ- കൊറേഗാവ് കേസും എല്‍ഗാര്‍ പരിഷത്ത് കേസും എന്‍.ഐ.എക്ക് വിടാന്‍ തീരുമാനിച്ചതും മുന്നണിമര്യാദക്ക് യോജിച്ചതായിരുന്നില്ല. സംസ്ഥാന പൊലിസ് അന്വേഷിച്ചാല്‍ മതി രണ്ട് കേസുമെന്നായിരുന്നു നേരത്തെയെടുത്ത തീരുമാനം. രണ്ടും രണ്ട് കേസാണ്. എന്നാല്‍, രണ്ടിനെയും കൂട്ടിക്കെട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം നേടണമെങ്കില്‍ ഈ കേസ് എന്‍.ഐ.എക്ക് വിടണം.
അതിനുവേണ്ടി അവര്‍ മുഖ്യമന്ത്രിപദത്തില്‍ ഉദ്ധവ് തുടരുന്നതിനും സമ്മതംമൂളും. ഉദ്ധവിന്റെ ബി.ജെ.പിക്കെതിരേയുള്ള ഇപ്പോഴത്തെ വെല്ലുവിളി കാര്യമാക്കേണ്ടതുമില്ല.
1818ല്‍ ഭീമ-കൊറേഗാവില്‍ നടന്ന യുദ്ധത്തിന്റെ 200ാം വാര്‍ഷികം ബി.ജെ.പി സര്‍ക്കാരിന്റെ വിഭാഗീയ രാഷ്ട്രീയത്തിനെതിരേയും വര്‍ഗീയതക്കെതിരേയുമുള്ള സമരമാക്കി മാറ്റണമെന്ന തീരുമാനം വാര്‍ഷികത്തിന്റെ തലേന്ന് കൂടിയ എല്‍ഗാര്‍ പരിഷത്ത് യോഗത്തിലാണുണ്ടായത്. ഇതുവഴി ഹിന്ദുത്വ പക്ഷമുള്ളതാണ് അംബേദ്ക്കറുടെ ആശയമെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ പൊളിച്ചടുക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിത് ജനതക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് ദലിതുകളെ ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീമ- കൊറേഗാവ് വാര്‍ഷിക യോഗത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി ആക്രമം അഴിച്ചുവിട്ടത്. എന്നിട്ട് കേസെടുത്തത് മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ക്കെതിരേയാണ്. നരേന്ദ്രമോദിയെ വധിക്കാന്‍ അര്‍ബന്‍ നക്‌സലുകളായ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസ് ചുമത്തിയാണ് യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നത്. അനിശ്ചിതകാലംവരെ വിചാരണകൂടാതെ തടവില്‍വയ്ക്കുന്ന ഈ കരിനിയമത്തിനെതിരേ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയാണ് കേസ് എന്‍.ഐ.എക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും അതിന് ഉദ്ധവ് താക്കറെ പച്ചക്കൊടി കാണിച്ചതും.
എന്‍.ഐ.എ കേസെടുത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവില്‍പ്പാര്‍പ്പിച്ചാല്‍ സത്യം പുറത്തുവരികയില്ലെന്നതിനാലാണ് കരിനിയമപ്രകാരം കേസെടുത്തിരിക്കുന്നത്. അതിനെയാണിപ്പോള്‍ നേരത്തെ എതിര്‍ത്തിരുന്ന ഉദ്ധവ് താക്കറെ അനുകൂലിച്ചിരിക്കുന്നത്. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ശിവസേനയുടെ ഈ നീക്കം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍.സി.പി- ശിവസേന സഖ്യം അധികകാലം നീണ്ടുനില്‍ക്കുകയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."