കരുണ സംഗീതനിശ വിവാദം: ജില്ലാ ഭരണകൂടം ഇടപെടുന്നു
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീതനിശ വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷനെതിരേ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതി കൂടുതല്‍ അന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച് ഐ.ജിക്കും സിറ്റിപൊലിസ് കമ്മിഷണര്‍ക്കും കൈമാറി.
സംഭവുമായി ബന്ധപ്പെട്ട് തന്റെ പേരുപയോഗിച്ചതിനെതിരേയും കലക്ടര്‍ രംഗത്തു വന്നിരുന്നു. താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തില്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ ഭാരവാഹിയായ ബിജിപാലിനു കലക്ടര്‍ കത്തു നല്‍കി. നിയമവിരുദ്ധമായി തന്റെ പേര് ഉപയോഗിക്കരുതെന്നും ഇത്തരം പ്രവണതകളെ നിയമപരമായി നേരിടുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതോടെ രക്ഷാധികാരി എന്ന നിലയില്‍ കലക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവുമൂലമാണെന്ന് വ്യക്തമാക്കി ബിജിപാലും ആഷിക് അബുവും രംഗത്തെത്തി. കലക്ടറെ മ്യൂസിക്കല്‍ ഫൗണ്ടേഷനെതിരേ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇത്തരം ആരോപണമെന്നും ആഷിക് അബു പറഞ്ഞു.
എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന ആഷിക് അബുവിന്റെ വാദം നിരാകരിച്ച് പരിപാടിക്ക് സ്റ്റേഡിയം വിട്ടുനല്‍കിയ റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ് നവാസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഫണ്ട് കണ്ടെത്താനെന്ന് പറഞ്ഞതിനാലാണ് സ്റ്റേഡിയം സൗജന്യമായി നല്‍കിയത്.
സ്റ്റേഡിയം സൗജന്യമായി ആവശ്യപ്പെട്ട് രണ്ട് തവണ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ നേരിട്ടും രണ്ട് തവണ കലക്ടര്‍ മുഖേനയും കത്ത് നല്‍കിയിരുന്നുവെന്ന് നവാസ് പറഞ്ഞു. തുടര്‍ച്ചയായി കത്തുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കത്ത് കമ്മിറ്റിക്ക് കൈമാറി. പ്രളയദുരിതാശ്വത്തിനായുള്ള പരിപാടിയായതിനാല്‍ നല്‍കാമെന്ന് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോര്‍ട്‌സ് സെന്റര്‍ വിട്ടു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിക്കുമോ എന്ന സംശയം കമ്മിറ്റിയില്‍ ഒരംഗം ഉന്നയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിയോജന കുറിപ്പോടെയാണ് സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം തനിക്ക് മറുപടി നല്‍കിയ അഷിക് ആബുവിനെതിരേ വീണ്ടും ആരോപണങ്ങളുമായി ഹൈബി ഈഡന്‍ എം.പി രംഗത്ത് എത്തി.
സ്റ്റേഡിയത്തിന് അനുമതി വാങ്ങാന്‍ റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററിനെ സംഘാടകര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."