ഉറപ്പില്ലാത്ത ലഗേജുകള്‍ ദുബൈ എയര്‍പോര്‍ട്ട് നിരോധിക്കുന്നു
ദുബൈ: കൂട്ടിക്കെട്ടിയ ലഗേജുകള്‍ ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിരോധിക്കുന്നു. ലോകത്തിലെ അത്യാധുനികമായ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈയിയെങ്കിലും വൃത്താകൃതിയിലുള്ളതും വാരിവലിച്ചു കെട്ടിയതുമായ ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് എട്ട് മുതല്‍ ഇത്തരത്തിലുള്ള ലഗേജുകള്‍ക്ക് നിരോധനം നിലവില്‍ വരും.
മികച്ച ബാഗേജ് സംവിധാനമാണ് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലുള്ളത്. ശരിയായ രീതിയില്‍ കെട്ടാത്തതോ അമിത വലിപ്പമുള്ളതോ ആയ ലഗേജുകള്‍ കാരണം ഈ സംവിധാനം തകരാറിലാവുകയാണ്. വൃത്താകൃതിയിലുള്ളതും പരന്ന പ്രതലമില്ലാത്തതുമായ ബാഗേജുകളാണ് ചരക്കു സ്തംഭനത്തിന് പ്രധാന കാരണം.
ഇത് വിമാനത്തില്‍ യഥാസമയം ലഗേജ് എത്തിക്കുന്നതിന് തടസമാവുകയും യാത്രക്കാരുടെ സമയം വൈകാനും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അലി അന്‍ഗിസെ പറഞ്ഞു.
ലഗേജ് കെട്ടാനുള്ള സംവിധാനം എയര്‍പോര്‍ട്ടില്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."