പാപമോചനത്തിന്റെ അസുലഭാവസരങ്ങള്‍
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണു പാപമോചനം. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ അവന്‍ മാപ്പാക്കുന്നു. അല്ലാഹുവിന്റെ വിശാലമായ കാരുണ്യം പെയ്തിറങ്ങുന്ന അനുഗൃഹീത രാപകലുകളാണ് റമദാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. റമദാനിലെ രാത്രി നിസ്‌കാരങ്ങള്‍ പാപമോചനം ലഭിക്കാനുള്ള വഴിയാണ്. നാഥനുമായി നേരിട്ട് സംസാരിക്കുക. തൗബ ചെയ്ത് മടങ്ങുക. വിശുദ്ധ റമദാന്‍ എന്നത് വിശ്വാസികള്‍ക്കു സ്വയം ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാലഘട്ടമാണ്. കഴിഞ്ഞ 11 മാസവും സാമൂഹിക വ്യവഹാരങ്ങളിലായിരുന്നു നമ്മുടെ ജീവിതം.
വിശുദ്ധമാസത്തിന്റെ ഒരോ പത്തു ദിവസങ്ങളെയും പ്രവാചകന്‍ അനുഗ്രഹം, പാപമോചനം,നരകമോചനം എന്നിവയുടെ ഘട്ടങ്ങളായി പഠിപ്പിച്ചുള്ളതാണ്. ഇതില്‍ ആദ്യഘട്ടം അനുഗ്രഹത്തിന്റെ(റഹ്മത്തിന്റെ)തായിരിന്നു. റഹ്്മത്തിന്റെ പത്തില്‍ അത് കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചുവോ എന്ന് നാം പരിശോധിക്കണം.
നല്ലകാര്യങ്ങളിലേക്ക് വേഗത്തില്‍ വന്നുചേരാന്‍ നാം പരമാവധി ശ്രമിക്കണം. അല്ലാഹു പറയുന്നു: 'അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.' (5:48)
'അവരത്രേ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രേ അവയില്‍ മുന്‍പേ ചെന്നെത്തുന്നവരും.' (23:61)
ഒരു നന്മ കൂടുതല്‍ നന്മകള്‍ക്കും പ്രേരണയും പ്രചോദനവുമായിരിക്കും. തിന്മയാകട്ടെ തിന്മകളിലേക്ക് നയിക്കും. അതിനാല്‍ തെറ്റ് സംഭവിച്ച് പോയാല്‍ ഉടനടി പശ്ചാതാപ മനസുമായി റബ്ബിലേക്ക് മടങ്ങുകയും നന്മകള്‍ അധികരിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. അത് തിന്മയെ മായിച്ച് കളയും. അല്ലാഹു പറയുന്നു: 'പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്.' (11:114)
നന്‍മകളില്‍ മറ്റാരെക്കാളും മുന്‍പന്തിയിലായിരുന്ന നബി(സ്വ) റമദാനില്‍ അടിച്ചു വീശുന്ന കാറ്റു കണക്കെ നന്മയുമായി മുന്നേറുമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നബി(സ്വ) ജനങ്ങളില്‍ വെച്ച് ഏറ്റവും നന്‍മയുടെ ഔദാര്യവാനായിരുന്നു. റമദാനില്‍ ആയിരുന്നു അവിടുന്ന് ഏറ്റവും ഔദാര്യവാനാവുക. ഓരോ റമദാനിലും ജിബ്‌രീല്‍(അ) നബി(സ്വ)യെ വന്ന് കാണുകയും നബി(സ്വ) ഖുര്‍ആന്‍ ഓതി പാരായണം ഒത്തുനോക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീലിനെ കണ്ട് കഴിഞ്ഞാല്‍ നബി(സ്വ) നന്മകളുടെ അത്യുദാരനാകും, അടിച്ച് വീശുന്ന കാറ്റിനേക്കാള്‍.''(ബുഖാരി, മുസ്‌ലിം)
ഇമാം ശഫിഈ(റ) പറഞ്ഞതായി ഇബ്‌നു റജബ് ഉദ്ധരിക്കുന്നു: 'പ്രവാചകന്‍(സ്വ)യെ പിന്‍പറ്റുന്നതിനാലും ജനങ്ങള്‍ കൂടുതല്‍ ആവശ്യക്കാരാണ് എന്നതിനാലും റമദാനില്‍ ഉദാരത അതികരിപ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം ഭൂരിഭാഗമാളുകളും നോമ്പും മറ്റുമായി വ്യാപൃതരാകുന്നതിനാല്‍ മറ്റ് കാലങ്ങളിലേതു പോലെ അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുകയില്ല.''(ലത്വാഇഫുല്‍ മആരിഫ് പേജ്: 183)
പുണ്യങ്ങളില്‍ നാം വ്യാപൃതരാകുകയും പാശ്ചാത്താപ മനസ്സോടെ അല്ലാഹുവിലേക്ക് മുന്നേറുകയും ചെയ്യുക. നാഥന്‍ തുണക്കട്ടെ, ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."