എവിടെപ്പോയി ആ 692 പേര്?
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ 692 പേര് ഇപ്പോഴും കാണാമറയത്ത്. ഇതില്‍ 180 സ്ത്രീകളും 56 കുട്ടികളും പെടുന്നു. ഇന്നലെ പൊലിസ് പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയാണ്. ഇതില്‍ 11,761 പേരെയും കണ്ടെത്തി. കണ്ടെത്താന്‍ സാധിക്കാതിരുന്നവരുടെ എണ്ണം 692 ആണ്.
കാണാതായ 12,453 പേരില്‍ 3,033 പേര് പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളും ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2,577 പുരുഷന്മാരും 7,350 സ്ത്രീകളും 1,834 കുട്ടികളുമാണുള്ളത്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11,640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്) സ്ത്രീകളെയും (791) കുട്ടികളെയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരെയും 751 സ്ത്രീകളെയും 187 കുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരെയും 385 സ്ത്രീകളെയും 101 കുട്ടികളെയുമാണു കാണാതായത്. 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 100 കുട്ടികളെയും കണ്ടെത്തി.
ഏറ്റവും കുറവ് പുരുഷന്മാരെയും (70) സ്ത്രീകളെയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരെയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവു കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പൊലിസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീടു കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 25 പേരെ കാണാതായതായി റെയില്‍വേ പൊലിസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേരെയും കണ്ടെത്തിയിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."