അംഗപരിമിതര്‍ക്കായി സമഗ്ര പദ്ധതി
കാസര്‍കോട്: ജില്ലയിലെ അംഗപരിമിതരെ ഏകോപിപ്പിക്കുന്നതിനും അതുവഴി അവര്‍ക്കുള്ള സഹായം ലഭ്യമാക്കുന്നതിനും ജില്ലാ ഭരണകൂടം സമഗ്ര പദ്ധതി തയാറാക്കുന്നു. സമഗ്ര പദ്ധതിക്കായി അംഗപരിമിതരെ കണ്ടെത്തി വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പരിശോധന ക്യാംപുകള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്ന് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 35000ത്തോളം അംഗപരിമിതരുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇന്നും അംഗപരിമിതരുടെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അംഗപരിമിതരുടെ കൃത്യമായ വിവരശേഖരണം മുതല്‍ അവര്‍ക്കുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പും പുനരധിവാസവും ഉള്‍പ്പെടുന്ന സമഗ്ര പദ്ധതിയാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്.
അംഗപരിമിതര്‍ക്ക് പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കുന്ന ദിവസം തന്നെ ഇവര്‍ക്ക് ഇവരുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന കാര്‍ഡ് വിതരണം ചെയ്യും. ഇതോടെ ഒന്നിലധികം രേഖകള്‍ക്കും മറ്റുമായി നിരവധി സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട അംഗപരിമിതരുടെ ബുദ്ധിമുട്ട് ഒഴിവാകും. അംഗപരിമിതരുടെ ഏകോപനം സാധ്യമാകുന്നതോടെ ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണംവരെ വിവിധ കാലഘട്ടത്തില്‍ അവര്‍ക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ കഴിയുന്ന നിലയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
അനര്‍ഹരെയും ഇടനിലക്കാരെയും ഒഴിവാക്കി സുതാര്യവും കൃത്യതയും വേഗതയുമാര്‍ന്ന ഇടപെടലുകളിലൂടെ അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലും ജില്ലാ ഭരണകൂടത്തിന് എളുപ്പത്തില്‍ ഇടപെടാനാകും. കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ മുഖ്യമാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും സാമുഹ്യ സുരക്ഷാ മിഷനും സ്റ്റാര്‍ട്ടപ്പ് മിഷനും വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുക. മൂന്ന് മാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ക്യാംപുകള്‍ സംഘടിപ്പിച്ചാണ് അംഗപരിമിതരുടെ വിവര ശേഖരണം സമ്പൂര്‍ണമാക്കുക. നേരത്തെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിക്കുക. ആദ്യത്തെ ക്യാംപ് ഇന്ന് ചെങ്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
ചെങ്കള പഞ്ചായത്തിലെ അപേക്ഷ നല്‍കിയവരാണ് ഇവിടെ ക്യാംപില്‍ പങ്കെടുക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍, എന്‍.ആര്‍.എച്ച്.എം ഡി.പി.എം ഡോ. സ്വാതി രാമന്‍, സാമൂഹ്യ സുരക്ഷാമിഷന്‍ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, ഡയരക്ടര്‍ അരുണ്‍ വിജയന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."