പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ഇടതുസ്വതന്ത്ര മുസ്‌ലിം എം.എല്‍.എമാര്‍
കോഴിക്കോട്: ഇടതുപക്ഷ സ്വതന്ത്രരായി നിയമസഭയിലെത്തിയ മുസ്‌ലിം എം.എല്‍.എമാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നു. മുസ്‌ലിംലീഗിനേയും കോണ്‍ഗ്രസിനേയും തോല്‍പ്പിച്ച് അട്ടിമറിജയം നേടിയ എം.എല്‍.എമാരാണു പുതിയ നീക്കത്തിനു പിന്നില്‍. നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂറില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹിമാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച കാരാട്ട് അബ്ദുറസാഖ്, കുന്ദമംഗലം മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ റഹീം എന്നിവര്‍ ചേര്‍ന്നാണു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനൊരുങ്ങുന്നത്.
മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി.ജലീലിന് ഇതിനോട് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായിയോട് ഏറെ അടുപ്പമുള്ള കെ.ടി.ജലീല്‍ സ്വതന്ത്രനായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
വഖ്ഫ്, ഹജ്ജ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലവിലെ അവസരം പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ ലഭിക്കില്ലെന്നാണു ജലീലിന്റെ വിലയിരുത്തല്‍.
തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ.റഹിമിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ക്കു മാത്രമായി നല്‍കാന്‍ സി.പി.എം തീരുമാനിച്ചതോടെ ഈ അവസരം നഷ്ടപ്പെടുകയായിരുന്നു. സ്വതന്ത്രരായി ജയിച്ചവരില്‍ കെ.ടി.ജലീലിനല്ലാതെ മറ്റാര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.ടി.എ റഹീമിനു മന്ത്രി സ്ഥാനം നേടാനാവുമെന്നാണ് പ്രതീക്ഷ. കൊടുവള്ളി മണ്ഡലവും കുന്ദമംഗലം മണ്ഡലവും നേടാനായത് തന്റെകൂടി മികവായിട്ടാണ് റഹീം അവകാശപ്പെടുന്നത്.
എന്നാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വിഷയത്തില്‍ സി.പി.എമ്മിന് അനുകൂലമായ നിലപാടില്ല. ലീഗിനെതിരേ ഒരു പാര്‍ട്ടിയുണ്ടാക്കിയതു കൊണ്ടു കാര്യമായ രാഷ്ട്രീയനേട്ടമുണ്ടാവില്ലെന്നും പകരം മുസ്‌ലിംലീഗിലുള്ള ഭിന്നത മുതലെടുത്തു സ്വതന്ത്രരെ നിയോഗിക്കുന്നതാണു ഗുണകരമാവുകയെന്നുമാണു സി.പി.എം വിലയിരുത്തല്‍. പുതിയ പാര്‍ട്ടിക്കു പച്ചക്കൊടി കാട്ടിയാല്‍ അടുത്ത ആവശ്യം മുന്നണിപ്രവേശനമായിരിക്കുമെന്നും നിലവില്‍ ഐ.എന്‍.എല്ലിനു പോലും നല്‍കാത്ത മുന്നണിപ്രവേശം പുതിയ രാഷ്ടീയ പാര്‍ട്ടിക്കു നല്‍കുന്നതു തിരിച്ചടിയാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. പുതിയ പാര്‍ട്ടി വന്നാല്‍ പി.ടി.എ.റഹീമിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ ഭാവിയും പരുങ്ങലിലാവും.
അതേസമയം ഇടതുസ്വതന്ത്രരായ മുസ്‌ലിം എം.എല്‍.എമാര്‍ ചേര്‍ന്നു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് പി.ടി.എ റഹീം എം.എല്‍.എ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."