ചിരുതമ്മയുടെ ദുരിതം: നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി
തൃക്കരിപ്പൂര്‍: കയറി കിടക്കാന്‍ നല്ലൊരു വീടില്ലാതെയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെയും ദുരിത ജീവിതം നയിക്കുന്ന കൊയോങ്കരയിലെ പി.പി. ചിരുതമ്മയുടെ പ്രയാസം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെട്ടു. വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസര്‍ ഇ.വി. വിനോദ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു വീട് നിര്‍മിച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
കൊയോങ്കരയിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ ആരോഗ്യ പ്രശ്നങ്ങളുമായി ചിരുതയും മകളും വര്‍ഷങ്ങളായി തനിച്ചു താമസിച്ചുവരുന്ന കാര്യം മാധ്യമങ്ങളാണ് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ജോലിയൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവരുടെ ജീവിതവും വഴിമുട്ടിയിരുന്നു. എണ്പതു പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു പെന്ഷന് ആനുകൂല്യവും ചിരുതമ്മക്ക് ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."