രാമക്ഷേത്ര നിര്‍മാണത്തിനായി പോരാടി മരിച്ചവര്‍ക്ക് സ്മാരകം വേണമെന്ന് ശിവസേന, ക്ഷേത്ര ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചതിനെതിരേ പാര്‍ട്ടി പത്രം
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുമ്പോഴും പഴയ ചിന്താധാരകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കി ശിവസേന. പാര്‍ട്ടി മുഖപത്രത്തില്‍ ഇന്നു വന്ന എഡിറ്റോറിയലില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പോരാടി മരിച്ചവരുടെ ഓര്‍മക്കായി സ്മാരകം പണിയണമെന്നാണ് ശിവസേന ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
അതോടൊപ്പം ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരേകൂടിയാണ് ശിവസേനയുടെ ഒളിയമ്പ്.
രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാല്‍ മതിയോ എന്ന് പത്രം ചോദിക്കുന്നു. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ ശിവസൈനികരുമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
രാമക്ഷേത്രത്തിനായി നിരവധി പേര് രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നും അമര്‍ ജവാന് ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ എഴുതണം. സരയു നദിയുടെ തീരത്താണ് സ്മാരകം ഉയരേണ്ടതെന്നും സാമ്ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേന ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണമെന്നും പത്രം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."