കളമശേരി ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ നിര്‍മാണത്തില്‍ അപാകതയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
കളമശേരി: കളമശേരി നഗരസഭയുടെ ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ നിര്‍മാണത്തിലെ നിരവധി അപാകങ്ങള്‍ കാട്ടി 2015 , 16 ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ പദ്ധതി നിര്‍വഹണത്തിന് 1.90 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ 4.66 കോടി രൂപയിലധികം ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിച്ചില്ല. ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയെന്ന വിപുലമായ പദ്ധതി ചില്‍ഡ്രന്‍സ് പാര്‍ക്ക് മാത്രമായി പരിമിതപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഓരോ ഇനങ്ങള്‍ക്കായി പ്രത്യേകം വകയിരുത്തി നല്‍കിയ തുക അതാത് ആവശ്യങ്ങള്‍ക്ക് നിയോഗിച്ചില്ല. എന്നാല്‍ പദ്ധതി തുക മുഴുവനും കൂടാതെ മറ്റു ഫണ്ടുകള്‍ ചെലവ് ചെയ്തിട്ടും ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റി എന്ന ബൃഹത്തായ പദ്ധതിയുടെ ഒരു ഘടകം മാത്രമാണ് പൂര്‍ത്തിയായത്. പദ്ധതി ആസൂത്രണം ചെയ്തതില്‍ സംഭവിച്ച ഗുരുതര വീഴ്ചയായി ഓഡിറ്റ് ഇതിനെ വിലയിരുത്തുന്നു.
അതീവ സുരക്ഷാ പ്രാധാന്യമുള്ള എന്‍ എ ഡിയുടെ കോമ്പൗണ്ടിനോട് ചേര്‍ന്ന് ഇത്രയും വിപുലമായ പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായ ലഭ്യമാക്കേണ്ട മുന്‍കൂര്‍ അനുമതികള്‍ പോലും ആസൂത്രണ സമയത്ത് പരിഗണിച്ചിരുന്നില്ല. ഇതു മൂലം പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്ന പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ എന്‍.എ.ഡി അനുവദിക്കാതിരിക്കുകയും പദ്ധതി പരിമിതപ്പെടുകയും ചെയ്തു. ഹൈപവര്‍ റേഡിയോ വിഗിരണങ്ങള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പദ്ധതിയുടെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട് എന്‍.എ.ഡി ട്രാന്‍സ്മിറ്റിങ്ങ് സ്റ്റേഷന്‍ കളമശേരി കമാന്‍ഡര്‍ ഇന്‍ ചാര്‍ജ് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈ ഫ്രീക്വന്‍സി റേഡിയോ എനര്‍ജി മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്നും പദ്ധതി പ്രദേശം ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഒട്ടും അനുയോജ്യമല്ലെന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളോ പഠനങ്ങളോ നഗരസഭ നടത്തിയിട്ടില്ല.
സയന്‍സ് പാര്‍ക്ക് നഗരസഭക്ക് ബാധ്യതയാകാന്‍ സാധ്യതയുണ്ട്. കെ.എസ്.എസ്.ടിയുമായി ഉണ്ടാക്കിയിട്ടുള്ള കരാറില്‍ 24 സീറ്റുള്ള 5 ഡി മോഷന്‍ തിയേറ്റര്‍ ഉള്‍പ്പെടുന്ന ത്രില്ലേറിയം നഗരസഭ ഇന്‍ഷൂര്‍ ചെയ്യേണ്ടതാണ്. മോഷന്‍ സിമുലേഷന്‍ തിയേറ്റര്‍ അപകട സാധ്യതയുള്ളതാകയാല്‍ സന്ദര്‍ശകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമാണെന്നിരിക്കെ ഇത് ലഭ്യമാക്കുന്നതിനുള്ള നടപടിയൊന്നും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."