ശങ്കതീര്‍ക്കാന്‍ വൃത്തിയുള്ള ഒരിടം വേണം
കോഴിക്കോട്: രാജ്യത്തെ ആദ്യ സ്ത്രീസൗഹൃദ മാള്‍ തുറന്ന നഗരം, രാജ്യത്ത് ആദ്യമായി ഇ-ടോയ്‌ലറ്റുകള്‍ നടപ്പാക്കിയ നഗരം... വിശേഷണങ്ങള്‍ നിരവധിയാണെങ്കിലും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ശങ്ക തീര്‍ക്കാന്‍ വൃത്തിയുള്ള ടോയ്‌ലറ്റുകളില്ല. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെയും പാളയം ബസ് സ്റ്റാന്‍ഡിലെയും വനിതാ ടോയ്‌ലറ്റില്‍ കയറുന്നവര്‍ മൂക്കുപൊത്തി തിരിച്ചുവരേണ്ട അവസ്ഥയാണ്. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ പുതിയ ടോയ്‌ലറ്റുകളാണ് സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്നത്. നഗരത്തിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യത്തിനു ടോയ്‌ലെറ്റുകള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്നാണ് 2010ല്‍ ഏഴു ലക്ഷം രൂപ മുടക്കി 15 ഇ-ടോയ്‌ലറ്റുകള്‍ നഗരത്തില്‍ സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യ ഇ-ടോയ്‌ലറ്റ് നിര്‍മാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷനുമായി ചേര്‍ന്നായിരുന്നു ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പിന്നീട് ഇ-ടോയ്‌ലറ്റുകളുടെ എണ്ണം കൂട്ടിയെങ്കിലും പലതും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. മുന്‍പ് സ്ഥാപിച്ച എട്ട് ഇ-ടോയ്‌ലറ്റുകള്‍ക്ക് ജലലഭ്യതയില്ലാത്തതിനാല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇവയ്ക്കു പുറമെയായിരുന്നു ഏഴ് പുതിയ ഇടോയ്‌ലറ്റുകള്‍കൂടി സ്ഥാപിച്ചത്. മാനാഞ്ചിറ സ്‌ക്വയറില്‍ രണ്ടെണ്ണവും മെഡിക്കല്‍ കോളജില്‍ മൂന്നെണ്ണവും അരീക്കാട്, ബീച്ച് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമായിരുന്നു പുതുതായി സ്ഥാപിച്ചത്. ഇതിനുപുറമെ മാനാഞ്ചിറ സ്‌കൂളിനു സമീപം, മുതലക്കുളം മൈതാനിയില്‍ രണ്ടെണ്ണം എന്നിങ്ങനെ സ്ഥാപിച്ചു. ഉപയോക്താക്കള്‍ക്ക് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇ-ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നതെങ്കിലും പലര്‍ക്കും ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പൊതുസ്ഥലങ്ങളില്‍ ടോയ്‌ലറ്റ് സ്ഥാപിച്ചതും സ്ത്രീകളെ ഉപയോഗിക്കുന്നതില്‍നിന്ന് അകറ്റുന്നു.
പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുള്ള കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോര്‍പറേഷനു സാധിക്കുന്നില്ല. ടോയ്‌ലറ്റ് പ്രശ്‌നത്തിന്റെ പേരില്‍ മുന്‍പ് നഗരത്തില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഒരുമാസത്തിലേറേ സമരം ചെയ്തിരുന്നു. പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ പരിഹാരവുമായി അധികൃതര്‍ എത്തിയിരുന്നു. എങ്കിലും പിന്നീട് മുന്‍പത്തേക്കാള്‍ രൂക്ഷമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയത്. കോര്‍പറേഷനില്‍ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ടോയ്‌ലറ്റുകളെ വീണ്ടും റൂമുകളാക്കി അതും വാടകയ്ക്ക് നല്‍കുന്ന പ്രവണതയും നഗരത്തില്‍ കണ്ടുവരുന്നുണ്ട്.
വൃത്തിഹീനം...
അത്രയും വൃത്തിഹീനമാണ് ബസ് സ്റ്റാന്‍ഡുകളിലെ ലേഡീസ് ടോയ്‌ലറ്റുകള്‍. ചില ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ പൂട്ടിക്കിടക്കുന്നു. മറ്റുചിലത് ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിക്കുന്നതും. പൈതൃകത്തെരുവായ മിഠായിത്തെരുവിലും ടോയ്‌ലറ്റുകള്‍ അന്വേഷിക്കുന്ന സ്ത്രീകള്‍ പതിവുകാഴ്ചകളാണ്. ഇവിടെയുള്ളത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന പൊതുശൗചാലയം മാത്രമാണ്. സിഗരറ്റിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ദുര്‍ഗന്ധം കാരണം ഉപയോഗിക്കാന്‍ സ്ത്രീകള്‍ പൊതുവെ മടി കാണിക്കുന്നു. എങ്കിലും മിഠായിത്തെരുവിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ മറ്റൊരാശ്രയവും ഇല്ലാത്തു കൊണ്ട് ഇവ ഉപയോഗിക്കുകയാണ്.
പരമകഷ്ടം
നഗരത്തിലെ ഷോപ്പിങ് സെന്ററുകളിലെ ജീവനക്കാരികള്‍ ഇതിലും വലിയ ബുദ്ധിമുട്ടുകളാണു നേരിടുന്നത്. പല കെട്ടിടങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന കോംപ്ലക്‌സില്‍ അഞ്ഞൂറിലധികം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു ജീവനക്കാരുള്ള ഇവിടങ്ങളില്‍ ആകെയുള്ളത് രണ്ടോ മൂന്നോ ടോയ്‌ലറ്റുകളാണ്. നഗരത്തിലെ ഒരു ആറുനില കെട്ടിടത്തില്‍ മൂന്നാം നിലയില്‍ മാത്രമാണ് ടോയ്‌ലറ്റുള്ളത്. മറ്റു നിലകളിലെ ടോയ്‌ലറ്റുകള്‍ സ്റ്റോര്‍ റൂമുകളാക്കി മാറ്റിയിരിക്കുകയാണ്.
പലരും വീട്ടില്‍ നിന്നിറങ്ങുമ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെയെത്തുമ്പോഴും മൂത്രക്കുപ്പിയുമായാണ് പോകുന്നതെന്ന് മിഠായിത്തെരുവിലെ തയ്യല്‍കടയില്‍ ജോലി ചെയ്യുന്ന യുവതി പറയുന്നു. ആര്‍ത്തവ ദിവസങ്ങളില്‍ ദുരിതം ഇരട്ടിക്കുമെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."