വീടിന് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടര്‍ കത്തിയ നിലയില്‍
മട്ടാഞ്ചേരി: വീടിന് സമീപം റോഡരികില്‍ സൂക്ഷിച്ചിരുന്ന അംഗപരിമിതന്റെ സ്കൂട്ടര്‍ കത്തിയ നിലയില്‍. മട്ടാഞ്ചേരി പാലിയത്ത് പറമ്പില്‍ ദെയ്യുവെന്ന് വിളിക്കുന്ന അബ്ദുല്‍ റഹീമിന്റെ സ്കൂട്ടറാണ് കത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അഞ്ച് മാസം മുമ്പ് നഗരസഭ റഹീമിന് നല്‍കിയതാണ് കത്തിയ സ്കൂട്ടര്‍. പുലര്‍ച്ചെ സ്കൂട്ടര്‍ പൊട്ടി തെറിക്കുന്ന ശബ്ദം കേട്ട് സമീപ വാസികള്‍ വിളിച്ചപ്പോഴാണ് റഹീം സംഭവം അറിയുന്നത്. അപ്പോഴേക്കും സ്ക്കൂട്ടര്‍ ഏകദേശം പൂര്‍ണ്ണമായും കത്തിയ നിലയിലായിരുന്നു.
റഹീമും ഭാര്യയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ കിടക്കുന്ന മുറിയുടെ സമീപമാണ് സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ സംഭവ ദിവസം ഇവര്‍ മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. അതിനാല്‍ വലിയ അപകടം ഒഴിവായി.
സ്ക്കൂട്ടറില്‍ നിന്നുയര്‍ന്ന തീയുടെ ചൂടില്‍ മുറിയുടെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ പൊട്ടി തെറിച്ചു. മുറിയുടെ അകത്ത് അലമാരക്ക് വരെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്കൂട്ടര്‍ ആരെങ്കിലും കത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
ഫോര്‍ട്ട്കൊച്ചിയില്‍ റഹീം നടത്തുന്ന കടയുമായി ബന്ധപ്പെട്ട് ചിലരുമായി തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായതായി പറയുന്നു. തര്‍ക്കത്തിനിടേ ഇവര്‍ ജീവിക്കാന്‍ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തിയതായും ഇത് സംബന്ധിച്ചു താന്‍ ഫോര്‍ട്ട്കൊച്ചി പൊലിസിന് പരാതി നല്‍കിയിരുന്നതായും റഹീം വ്യക്തമാക്കി. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസിന് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."