അവിനാശി അപകടം: ലോറി ഡ്രൈവറെ റിമാന്‍ഡ് ചെയ്തു
തിരുപ്പുര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്്‌നര്‍ ലോറി ഡ്രൈവര്‍ ഒറ്റപ്പാലം ചെറുമുണ്ടശേരി കൊളത്തുംകുണ്ടില്‍ ഹേമരാജിനെ(38) തിരുപ്പുര്‍ കോടതി റിമാന്‍ഡ് ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും, ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ഇരട്ടിപ്രഹരത്തില്‍ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പൊലിസ് അറസ്റ്റ് ചെയ്തത്.
വൃാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം രജിസ്‌ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. അപകടത്തില്‍ 19 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."