ദേവസ്വം മന്ത്രി പ്രഖ്യാപിച്ച പുനര്‍നിര്‍മാണം കടലാസിലൊതുങ്ങി
ചേലക്കര: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ നടന്നിട്ട് വര്‍ഷം ഒന്ന്. 2018 ജനുവരി 23ന് രാത്രിയിലാണ് ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടായത്. വിളക്കുമാടത്തിലെ ചിരാതില്‍ നിന്ന് തീ പടര്‍ന്നതാണ് വന്‍ നാശനഷ്ടത്തിലേക്ക് വഴിവച്ച അഗ്നി ബാധ ഉണ്ടായത്.
കിഴക്ക് വടക്ക് ഭാഗങ്ങളിലെ വിളക്ക് മാടം പൂര്‍ണമായും കത്തിയമരുകയും മര ഉരുപ്പടികളും പിച്ചള പൊതിഞ്ഞ ക്ഷേത്രഭാഗങ്ങളും മേല്‍കൂരയുമൊക്കെ പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്നിബാധയറിഞ്ഞ് വിലപിച്ച് ഓടിയെത്തിയ വനിതകളടക്കമുള്ള ഭക്തജനങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഏറെ പൗരാണികവും പഞ്ചപാണ്ഡവന്മാര്‍ സ്ഥാപിച്ചതെന്നു വിശ്വസിച്ചു പോരുകയും ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഉണ്ടായ അഗ്നിബാധ ഭക്തജനങ്ങളുടെ സ്വകാര്യ വേദനയായി മാറി. തീപിടിത്തമറിഞ്ഞ് മന്ത്രിമാരടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വര്‍ഷമൊന്നായിട്ടും നവീകരണത്തിന് പദ്ധതി പോലുമായിട്ടില്ല. സാങ്കേതികത്വത്തിന്റെ പേരിലാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയാത്തതെന്നാണു ദേവസ്വം അധികൃതരുടെ നിലപാട്.
1.08 കോടി രൂപ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചതായും തൃപ്പൂണിത്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം കരാര്‍ ഏറ്റെടുത്തതായും അധികൃതര്‍ പറയുന്നു. കിഴക്കേ നട മുതല്‍ വടക്ക് പടിഞ്ഞാറേ മൂല വരെ വലിയമ്പലവും വിളക്കുമാടവും പുനര്‍നിര്‍മിക്കുന്നതിനാണ് പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു.
20 ലക്ഷം രൂപയില്‍ കൂടുതലുള്ള ദേവസ്വം പ്രവൃത്തികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."