വേനല്‍ കനത്തുതുടങ്ങി; കിഴക്കന്‍ മേഖലകളില്‍ ഭൂഗര്‍ഭജലം കുറയുന്നു
കഞ്ചിക്കോട്: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വരള്‍ച്ച സാധ്യത പ്രദേശങ്ങളുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് കുറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതായി ജലവിഭവവകുപ്പ് കണ്ടെത്തിയിരിക്കുന്നു. അതിരൂക്ഷമായ വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളുള്‍പ്പെടുന്ന പാലക്കാട് 75 ശതമാനം തുറന്നകിണറുകളിലും ഭൂജലവിതാനം കുറഞ്ഞ സ്ഥിതിയിലാണ്. 2017 സെപ്തംബറിലെയും 2018 സെപ്തംബറിലെയും ഭൂജലവിതാതനത്തിന്റെ കണക്കനുസരിച്ച് പഠനത്തില്‍ മിക്കിയടതും ഭൂജലവിതാനം കുറഞ്ഞതായി പറയപ്പെടുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള നിരീക്ഷണം കിണറുകള്‍ വഴിയാണ് ഭൂഗര്‍ഭജലത്തിന്റെ അളവു പരിശോധിക്കുന്നത്. എന്നാല്‍ ഇതിനു പുറമെ കുഴല്‍ കിണറുകള്‍, തുറന്ന കിണറുകള്‍, ട്യൂബ് കിണറുകള്‍ എന്നിവയിലൂടേയും ഭൂജലവിധാനത്തിന്റെ അളവ് പരിശോധിക്കാനാവും. കഴിഞ്ഞ സെപ്തംബറില്‍ 391 കിണറുകളില്‍നിന്നും പീസോമീറ്ററുകളില്‍നിന്നും (ഭൂഗര്‍ഭജലത്തിന്റെ ആഴവും മര്‍ദവും രേഖപെടുത്തി ജല ഉപയോഗം പരിശോധിക്കുന്ന മീറ്റര്‍) ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 75 ശതമാനത്തോളം കിണറുകളും മറ്റും ജലവിതാനം കുറയുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഭൂഗര്‍ഭ അളവ് കൂട്ടുന്നതിനായി ഭൂജലവകുപ്പ് 102 നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇത്തൊന്നും പലയിടത്തും പാലിക്കപ്പെടാത്തതും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാന്‍ കാരണമാകുന്നു. ഭൂഗര്‍ഭ ജലനിരക്ക് കൂട്ടുന്നതിനായി ഭൂജല സംരക്ഷണവും കൃത്രിമ ഭൂജല സംപോഷണവും എന്നീ പേരുകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലെയും അമിതചൂഷണവും, ജലാശയങ്ങള്‍ വറ്റി വരളുന്നതുമാണ് ജനവാസ മേഖലകളെ ദുരിതത്തിലാക്കുന്നത്. ജില്ലയിലെ വരള്‍ച്ചാ ദുരിത പ്രദേശങ്ങളായ കഞ്ചിക്കോട്, വാളയാര്‍, കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, തുടങ്ങിയമേഖലകളില്‍ ഫെബ്രുവരി മുതല്‍ക്കേ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങും. കഞ്ചിക്കോട്ടെ വ്യവസായ മേഖലകളിലെ സ്വകാര്യകമ്പനികളും ഡിസ്റ്റലറീസുമൊക്കെ നടത്തുന്ന അമിത ജലചൂഷണവുമൊക്കെ ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാകനിയാവുകയാണ്.
വരള്‍ച്ചാ പ്രദേശങ്ങളില്‍ തുറന്ന കിണറുകള്‍ പൂര്‍ണമായും വറ്റുന്നതും കുഴല്‍ കിണറുകള്‍ 500 മുതല്‍ 800 അടിവരെ താഴ്ത്തിയാലും വെള്ളം കിട്ടാത്ത സ്ഥിതിയുമാകുമെന്നാണ്. വേനല്‍ കനത്തതോടെ കിഴക്കന്‍ മേഖലകളില്‍ കുടിവെള്ളത്തിനായി ടാങ്കുകളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. ജനവാസ മേഖലകളില്‍ കുഴല്‍കിണറുകള്‍ കുഴിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളുമൊക്കെ കാറ്റില്‍ പറത്തിയാണ് രാത്രികാലങ്ങളില്‍ അനധികൃത കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്.
പ്രളയകാലത്ത് അളവില്‍ കൂടുതല്‍ മഴലഭിച്ചതിനാല്‍ നേരത്തേ ജലാശയങ്ങളെല്ലാം സമൃദമായിരുന്നുവെങ്കില്‍ വേനല്‍ കനക്കുന്നതോടെ ജലാശയത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. അനധികൃത കിണറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെയും ജലവിതാനങ്ങള്‍ കൂട്ടുന്നതിന്റെ പഠനങ്ങള്‍ നടത്താതെയുമുള്ള കാലത്തോളം വരും നാളുകള്‍ വരാനിരിക്കുന്നത് തൊണ്ട നയ്ക്കാന്‍പോലും വെള്ളം ലഭിക്കാത്ത കടുത്ത വരള്‍ച്ചാ കാലമാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."