ബിഷപ്പ് ഫ്രാങ്കോയുടെ വിടുതല്‍ ഹരജിയില്‍ രഹസ്യവിചാരണ; കേസ് 29ലേക്ക് മാറ്റി
സ്വന്തം ലേഖകന്‍
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹരജിയില്‍ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്നില്‍ വാദം കേള്‍ക്കല്‍ തുടങ്ങി.
ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വാദം കേള്‍ക്കല്‍ രഹസ്യമായി നടത്തിയത്.
കേസ് പരിഗണിച്ച ഉടന്‍ തന്നെ രാമന്‍പിള്ള ഇന്നലെ കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഫ്രാങ്കോ മറ്റൊരു കന്യാസ്ത്രീയെയും ഉപദ്രവിച്ചുവെന്ന കുറ്റപത്രത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന മൊഴി മാധ്യമങ്ങള്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇത് എങ്ങനെയാണ് പ്രസിദ്ധീകരിക്കാനാവുകയെന്ന് അഭിഭാഷകന്‍ ചോദിച്ചു.
എന്നാല്‍, കുറ്റപത്രം പൊതുരേഖയാണന്ന് കോടതി നിരീക്ഷിച്ചു. തന്റെ കക്ഷിയെ മോശമായി ചിത്രീകരിക്കാനാണ് ഇതെല്ലാം പുറത്ത് വിടുന്നതെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്നാണ് കോടതി നടപടികള്‍ മാധ്യമങ്ങളെ ഒഴിവാക്കി നടത്തണമെന്ന പ്രതിഭാഗം അഭ്യര്‍ഥിച്ചത്. സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടതായതിനാലാണ് രഹസ്യവിചാരണ അഭ്യര്‍ഥിച്ചതെന്ന് പ്രതിഭാഗം പിന്നീട് പറഞ്ഞു.
കുറ്റപത്രത്തിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന് എതിരേ കോടതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഹരജി നല്‍കിയതായും പ്രതിഭാഗം അറിയിച്ചു. കേസ് 29 ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."