മുന്‍ഗണനാ പട്ടികയ്ക്ക് അംഗീകാരമായില്ല; പുതുക്കിയ റേഷന്‍കാര്‍ഡ് വൈകും
മലപ്പുറം: പുതുക്കിയ റേഷന്‍ കാര്‍ഡിനായി ഇനിയും കാത്തിരിക്കേണ്ടിവരും. മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയ്ക്കു തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം വാങ്ങുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയായില്ല. ജില്ലയിലെ ഒരു പഞ്ചായത്ത് മാത്രമാണ് പട്ടികയ്ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.
അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേരുന്നതിനും ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, അനര്‍ഹരെ ഒഴിവാക്കുന്നതിലേറെ അര്‍ഹരെ ഉള്‍പ്പെടുത്താനുള്ള ആവശ്യങ്ങളാണ് വാര്‍ഡ് സഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പഞ്ചായത്തുകളിലും നഗരസഭകളിലും ലഭിച്ച മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരുടെ നീണ്ട നിരയുണ്ട്. അര്‍ഹരായവര്‍ പലരും ഇപ്പോഴും പുറത്താണ്. ഈ ചുമതലയില്‍നിന്നു ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കി പകരം ഉദ്യോഗസ്ഥ തലത്തില്‍ അടിയന്തിര സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കേരളാ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയും രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥ പാനലിന്റെ നേതൃത്വത്തില്‍ ഹിയറിങ് നടത്തി തയാറാക്കിയ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു തീര്‍പ്പാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്.
ലിസ്റ്റ് ചര്‍ച്ച ചെയ്ത മുഴുവന്‍ ഗ്രാമസഭകളും ബഹളത്തില്‍ കലാശിക്കുകയാണുണ്ടായത്. അര്‍ഹരായ ധാരാളം ഗുണഭോക്താക്കള്‍ പുറത്തുനില്‍ക്കേ, അനര്‍ഹരെ ഒഴിവാക്കി മാത്രം ലിസ്റ്റ് അംഗീകരിച്ചു സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു പരിമിതികളുണ്ട്. ജില്ലയില്‍ ഇതുവരെ പട്ടിക അംഗീകരിച്ചുനല്‍കിയത് എടവണ്ണ പഞ്ചായത്ത് മാത്രമാണ്. ജനുവരി 31ന് മുന്‍പു പട്ടിക അംഗീകരിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. തുടര്‍ന്നു ഫെബ്രുവരി 20വരെയും പിന്നീട് 23വരെയും പിന്നീട് മാര്‍ച്ച് മൂന്നു വരെയും നീട്ടി. എന്നിട്ടും പട്ടികയ്ക്ക് അംഗീകാരമാകാത്തതിനെ തുടര്‍ന്നാണ് ഈ മാസം എട്ടുവരെ സമയപരിധി നീട്ടിയതായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പഞ്ചായത്തുകളും നഗരസഭകളും അനര്‍ഹരെ ഒഴിവാക്കി പട്ടിക അന്തിമമാക്കി അതാതു സമിതികള്‍ അംഗീകരിച്ചു പ്രമേയം പാസാക്കണമെന്നാണ് നിര്‍ദേശം.
പട്ടികയിലെ പിഴവുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി ചാര്‍ത്തപ്പെടാനാണ് അവസാന തീരുമാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിട്ടതെന്നാണ് ജനപ്രതിനിധികളുടെ ആരോപണം. അതേമസയം, അനര്‍ഹരെ ഒഴിവാക്കാന്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം, അര്‍ഹരെ ചേര്‍ക്കാനുള്ള അവസരംകൂടി നല്‍കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം. എന്നാല്‍, അത് അനുവദിക്കില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്. ഏപ്രില്‍ മാസം മുതല്‍ പുതിയ റേഷന്‍കാര്‍ഡ് വഴി ധാന്യവിതരണം നടത്താനാകുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു പട്ടികയ്ക്കുള്ള അംഗീകാരം ലഭിക്കുന്നതു വൈകിയാല്‍ ഇത് ഇനിയും നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."