അനധികൃത മണലൂറ്റില്‍ ദുരിതം പേറി മത്സ്യത്തൊഴിലാളികള്‍
തൃക്കരിപ്പൂര്‍: മത്സ്യ ബന്ധനത്തിനിറങ്ങുന്ന തൊഴിലാളിക്കു വലയ നിറയെ മത്സ്യം കനിഞ്ഞു നല്‍കിയ കായലായിരുന്നു കവ്വായിക്കായല്‍. എന്നാല്‍ ഇന്നു മണിക്കൂറുകളോളം കായലില്‍ തലങ്ങും വിലങ്ങും വല വിരിച്ചാല്‍ സ്വന്തം കറിക്കുള്ള മത്സ്യം തന്നെ കിട്ടാത്ത അവസ്ഥയാണ്. വലിയപറമ്പ പഞ്ചായത്തിലെ ആയിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണു കവ്വായിക്കായലിനെ ആശ്രയിച്ചു ജീവിക്കുന്നത്.
ഒരു കാലത്ത് കവ്വായിക്കായലില്‍ നിന്നുള്ള മത്സ്യങ്ങള്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ മാര്‍ഗം മറ്റിടങ്ങളിലേക്ക് എത്തിക്കുമായിരുന്നു. എന്നാല്‍, അനധികൃതമായി മണല്‍ കടത്തുന്നത് കായലിനെ തകര്‍ത്തു. പേരുകേട്ട ഒട്ടനവധി മത്സ്യങ്ങള്‍ കവ്വായിക്കായലിനെവിട്ടൊഴിഞ്ഞു പോവുകയും ചെയ്തു. മത്സ്യങ്ങളുടെ പ്രജനനത്തിനാവശ്യമായ അവസ്ഥ കായലിന് നഷ്ടപ്പെട്ടു.
അംഗീകൃത കടവിന്റെ പേരില്‍ കായലില്‍ നിന്നു മണലൂറ്റുന്നതു പതിവായതോടെയാണ് മത്സ്യത്തൊഴിലാളികളും പഞ്ചായത്ത് പ്രസിഡന്റും ഇതിനെതിരേ രംഗത്തുവന്നത്.
ഒരിയര പുളിമുട്ട് വരുന്നതിനു മുന്‍പ് അഴിമുഖത്ത് മണല്‍ നിറയുമായിരുന്നു. ഇതില്‍ തട്ടി മത്സ്യബന്ധന യാനങ്ങള്‍ തകരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണ കൂടം മണലെടുപ്പിന് അനുമതി നല്‍കിയത്. തികച്ചും പരമ്പരാഗത രീതിയില്‍ കൈക്കോട്ടും ബക്കറ്റും ഉപയോഗിച്ചാണു മണലെടുക്കേണ്ടത്. എന്നാല്‍, യന്ത്രവല്‍കൃത ബോട്ടുകളിലും മറ്റും മണലെടുക്കാന്‍ തുടങ്ങിയതോടെ കടലിലും കായലിലും മണലൂറ്റുകാരുടെ വഞ്ചികള്‍ മാത്രമായി.
കവ്വായിക്കായലില്‍ കക്കവാരി ഉപജീവനം കഴിച്ചിരുന്ന സ്ത്രീകള്‍ക്ക് കക്കകളും കിട്ടാക്കനിയായി. മണലൂറ്റ് സംഘം രാത്രിയും പകലും കായലും കടലും കീഴടക്കിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുള്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ മണലെടുപ്പിനെതിരേ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."