കാണാതായ വയോധിക മരിച്ച സംഭവം; നായകള്‍ കടിച്ചുകീറിയത് മരണശേഷമെന്ന് പ്രാഥമിക നിഗമനം
ചങ്ങരംകുളം: കാണാതായ വയോധികയുടെ മൃതദേഹം തെരുവു നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. നായ്ക്കളുടെ ആക്രമണം മരണ ശേഷമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് പന്താവൂരില്‍ നിന്ന് കാണാതായ മേലേപുരക്കല്‍ ജാനകി(75)യെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ശരീരഭാഗങ്ങള്‍ തെരുവു നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ വ്യക്തമാകൂ എന്നാണ് പൊലിസ് പറയുന്നത്.
പ്രാധമിക അന്വേഷണത്തില്‍ സംഭവത്തില്‍ ദുരൂഹത ഒന്നും തന്നെ ഇല്ലെന്നും വയലില്‍ മരിച്ച് കിടന്ന ജാനകിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ച് കൊണ്ട് പോയി ഭക്ഷണമാക്കിയതാവാമെന്നുമാണ് നിഗമനം. നായകളുടെ അക്രമത്തില്‍ മരിച്ചെന്നുളള പ്രചരണം തെറ്റാണെന്ന നിഗമനത്തിലാണ് പൊലിസ്. മൃതദേഹം അഴുകിയ നിലയിലും ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലും ആയിരുന്നത് കൊണ്ട് പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ചുമതലയുളള ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 24ന് വൈകിട്ട് ആലംകോട് ചേന്നാത്ത് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് വീട്ടില്‍ നിന്ന് പോയ ജാനകിക്ക് പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും ചങ്ങരംകുളം പൊലിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഈ മാസം ഒന്നിന് രാവിലെ വീടിനോട് ചേര്‍ന്ന വയലില്‍ ജീര്‍ണിച്ച് ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാകാം മരണ കാരണമെന്നു സംശയിക്കുന്നതായും മുഴുവനായുളള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രാസ പരിശോധനാ ഫലം വന്നാലെ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."