കേരളപ്പെരുമ
കോഴിക്കോടന്‍ ഹല്‍വ
ഹല്‍വയുടെ കാര്യത്തില്‍ ലോകപ്രസിദ്ധമാണ് കോഴിക്കോടന്‍ ഹല്‍വ. മൈദയും പഞ്ചസാരയുമാണ് ഈ മധുര പലഹാരത്തിന്റെ മുഖ്യചേരുവ. ഹല്‍വ നിര്‍മാണത്തിന് മൂന്നുദിവസം മുമ്പേ മൈദ വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുത്ത് സൂക്ഷിക്കണം. ഏകദേശം 140 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പഞ്ചസാര പാവില്‍ നെയ്യ് ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിയ മൈദ ചേര്‍ത്തിളക്കിയാണ് ഹല്‍വ തയാറാക്കുന്നത്. അറേബ്യയുമായുള്ള വ്യാപാര ബന്ധം വഴിയാണ് കേരളത്തില്‍ ഹല്‍വ എത്തിയതെന്നു കരുതപ്പെടുന്നു. സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മിഠായിത്തെരുവിലായിരുന്നു അന്ന് ഹല്‍വ വിറ്റിരുന്നത്.
വെച്ചൂര്‍ പശു
കേരളത്തിലെ പ്രസിദ്ധമായ പശു വര്‍ഗമാണ് വെച്ചൂര്‍ പശു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍പ്പെട്ട വെച്ചൂര്‍ പ്രദേശത്ത് ഇവയെ കണ്ടെത്തിയതിനാലാണ് വേച്ചൂര്‍ പശു എന്ന പേരില്‍ അറിയപ്പെടുന്നത്. പാലിന്റെ ഔഷധ ഗുണം കൊണ്ടും രോഗപ്രതിരോധ ശേഷി കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഈ പശുക്കള്‍ മറ്റുള്ള പശുക്കളെ അപേക്ഷിച്ച് ഉയരം,തൂക്കം എന്നിവ കുറഞ്ഞവയാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇവ. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഏകദേശം മുന്നൂറോളം ഇനം മാത്രമേ ഇന്ന് നിലവിലുള്ളൂവെന്നാണ് കണക്ക്.
കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗത്തുനിന്നു വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധി വികാസത്തിനും വെച്ചൂര്‍ പശുവിന്റെ പാല്‍ അനുയോജ്യമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല പശുവിന്റെ പാലില്‍ കാണപ്പെടുന്ന ബീറ്റാ കസിന്‍ എ 2 എന്ന പ്രോട്ടീന്‍ ഓട്ടിസം, ഹൃദ്രോഗം, പ്രമേഹം എന്നിവയെ ചെറുക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മലപ്പുറം കത്തി
പലപ്പോഴും പ്രയോഗത്തില്‍ വരുന്നൊരു വാക്കാണ് മലപ്പുറം കത്തി. മലപ്പുറമാണ് ഈ കത്തിയുടെ ജന്മദേശം. മലപ്പുറത്തെ ഇരുമ്പുഴി, കരുവാരക്കുണ്ട്, പാണ്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മുഖ്യമായും കത്തി നിര്‍മിച്ചിരുന്നത്. പ്രത്യേകതരം ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മലപ്പുറം കത്തിയില്‍നിന്നേല്‍ക്കുന്ന മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കുമെന്ന് പറയപ്പെടുന്നു. കനംകുറഞ്ഞ മാന്‍ കൊമ്പില്‍ തീര്‍ക്കുന്ന കത്തിയുടെ പിടി നാല് വിരല്‍ കൊള്ളാവുന്നത്രയേ ഉണ്ടാകുകയുള്ളൂ. ആക്രമണ സമയത്ത് എതിരാളി കത്തിയില്‍ കയറിപിടിക്കാതിരിക്കാനാണത്രേ ഇത്. പിച്ചള കൊണ്ടുള്ള ചിത്രപ്പണികളും പിടിഭാഗത്ത് കാണാം. മൂര്‍ച്ചകൂടിയ വായ്ത്തലയുള്ള ഈ കത്തിക്ക് ഒമാന്‍ ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത ആയുധമായ ഖഞ്ചാറുമായി പിരിയാനാകാത്ത ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ യുടെ ആകൃതിയിലാണ് ഈ കത്തി.
ആറന്മുള കണ്ണാടി
ലോകപ്രസിദ്ധമായ കേരള ഉല്‍പ്പന്നമാണ് ആറന്മുള കണ്ണാടി. പത്തനംതിട്ടയിലെ ആറന്മുളയിലാണ് ഈ കണ്ണാടി നിര്‍മിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യം ഈ കണ്ണാടിക്കുണ്ട്.
കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ആറന്മുള കണ്ണാടി. പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമാണ് ഇതിന്റെ നിര്‍മാണം. ചെമ്പും വെളുത്തീയവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് കണ്ണാടി നിര്‍മിക്കുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം പണിയാന്‍ പന്തളം രാജാവ് കൊണ്ടുവന്ന തിരുന്നല്‍ വേലി ശങ്കരന്‍ കോവിലിലെ വിശ്വകര്‍മ്മ വിഭാഗക്കാരാണ് ആദ്യമായി ആറന്മുള കണ്ണാടി നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. രാജാവിന് സമ്മാനമായി നല്‍കാന്‍ ഒരു കിരീടം നിര്‍മിക്കുന്നതിനിടയില്‍ ലോഹക്കൂട്ടിന്റെ പ്രതിഫലശേഷി അവര്‍ തിരിച്ചറിയുകയായിരുന്നുവത്രേ. ആഴ്ചകളോളം അധ്വാനം ആവശ്യമായി വരുന്നതാണ് കണ്ണാടിയുടെ നിര്‍മാണം. ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കുന്ന ഈ കണ്ണാടിയുടെ ഒരു മാതൃക ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അഷ്ടമംഗലത്തിലെ സുപ്രധാന ഘടകമാണ് ആറന്മുള കണ്ണാടി. ആദ്യകാലത്ത് കുങ്കുമച്ചെപ്പിലും പിന്നീട് വാല്‍ക്കണ്ണാടി രൂപത്തിലും ഇവ നിര്‍മിക്കപ്പെട്ടു. മറ്റുള്ള കണ്ണാടികളില്‍നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിലെ മുന്‍ഭാഗത്തെ പ്രതലത്തില്‍ നിന്നാണ് ദൃശ്യം പ്രകടമാകുക.
തലശ്ശേരി
ബിരിയാണി
ബിരിയാണിയാണെങ്കില്‍ അത് തലശ്ശേരി ദം ബിരിയാണി തന്നെ ആയിരിക്കണമെന്ന് പാചക ലോകത്ത് ഒരു ചൊല്ലു തന്നെയായിട്ടുണ്ട്. സാധാരണയായി ബിരിയാണി ഉണ്ടാക്കാന്‍ നീളം കൂടിയ അരി ഉപയോഗിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി കൈമ, ജീരകശാല പോലെയുള്ള സുഗന്ധ നെല്ലിനത്തില്‍പെട്ട അരിയാണ് തലശ്ശേരി ദം ബിരിയാണിക്ക് ഉപയോഗിക്കുന്നത്. കൈമ പാലക്കാടും ജീരകശാല വയനാട്ടിലുമാണ് കൂടുതലായും കൃഷി ചെയ്യുന്നത്. പ്രാചീന കാലം തൊട്ടേ അറബികളും മുഗളന്മാരും തമ്മിലുള്ള ബന്ധമാണ് മലബാറില്‍ ബിരിയാണി എത്താന്‍ കാരണം. നെയ്യില്‍ വറുത്ത അരിയില്‍ മസാലക്കൂട്ടുകളും ഇറച്ചിയും ചേര്‍ത്ത് ദം ചെയ്്‌തെടുത്താണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത്. നീരാവി പുറത്തു പോകാതെ പാത്രം നന്നായി അടച്ച് അടപ്പിനു മുകളില്‍ കനല്‍വച്ച് വേവിക്കുന്ന പ്രക്രിയയാണിത്. ഇതുമൂലം നീരാവിയുടെ കാഠിന്യം വര്‍ധിക്കും. കുങ്കുമം, തക്കോലം, കശകശ(ഖസ് ഖസ്), കുരുമുളകു പൊടി, കറിവേപ്പില, ഗ്രാമ്പു, ഏലക്കായ, കറുവപ്പട്ട, ജാതിപത്രി, ജീരകം, പെരുംജീരകം, പനിനീര്‍, ഗരം മസാല, മല്ലിയില, പുതീന തുടങ്ങിയ സുഗന്ധ മിശ്രിതങ്ങളും ബിരിയാണിയില്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."