ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി: മന്ത്രി ടി.പി. രാമകൃഷ്ണന്‍
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ ലഹരി പദാര്‍ഥങ്ങളോ അവയുടെ വില്‍പനയോ കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടിയമുണ്ടാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ എക്‌സൈസ്-പൊലിസ് വകുപ്പുകളുടെ പരിശോധനയും കര്‍ശനമായി തുടരും. തൊഴില്‍ ഊര്‍ജിതമായി നടക്കാന്‍ ചില തൊഴില്‍ ഉടമകള്‍ തന്നെ തൊഴിലാളികള്‍ക്ക് ലഹരി വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവണതയും കര്‍ശനമായി നേരിടും. കഞ്ചിക്കോട് പാറപ്പിരിവില്‍ ജെ.എം.ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ-നിയമ ബോധവത്കരണ ക്ലാസും സൗജന്യമെഡിക്കല്‍ ക്യാംപും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥാന തൊഴില്‍ ക്യാംപുകളില്‍ നടത്തിയ പരിശോധനയില്‍ പുകയിലയും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വ്യാപകമായി കണ്ടെത്താറുണ്ട്. ഗുരുതര രോഗങ്ങള്‍ക്കും സാമൂഹിക- കുടുംബപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്ന ലഹരി ഉപഭോഗത്തിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമിതി രൂപവത്കരിക്കേണ്ടതുണ്ട്. ലഹരി വിപണി കണ്ടെത്താനായി പ്രവര്‍ത്തിക്കുന്ന മാഫിയയുടെ ഭാഗമാവാതിരിക്കാന്‍ തൊഴിലാളികള്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഞ്ചിക്കോട് 768 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന 64 മുറികളോടുകൂടിയ കെട്ടിട സമുച്ചയത്തിന്റെ (അപ്നാ ഘര്‍) നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ഒരു മുറിയില്‍ 12 പേര്‍ക്ക് താമസിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തില്‍ പൊതു അടുക്കള, ശൗചാലയം, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉണ്ടാകും. ചുരുങ്ങിയ വാടകയും ഇതിന് നിശ്ചയിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അപ്നാഘര്‍ സജ്ജമാക്കുന്നതിന് ലഭ്യമായ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സമുച്ചയങ്ങള്‍ തൊഴിലാളികളുടെ കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്തി താമസിക്കാന്‍ കഴിയും വിധം സജ്ജീകരിക്കും.
തൊഴിലുടമകളും കരാറുകാരും തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതുമായ താമസസൗകര്യമൊരുക്കുന്നതില്‍ നടന്നുവരുന്ന പരിശോധന കര്‍നമാക്കും. നിരവധി തൊഴില്‍ കേന്ദ്രങ്ങളില്‍ അര്‍ഹരായ കൂലി നല്‍കാതെയും താമസസൗകര്യമൊരുക്കാതെയുമുള്ള ചൂഷണം നിയന്ത്രണവിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."