കൊടുംചൂടിന് ആശ്വാസമായി ജില്ലയിലുടനീളം വേനല്‍മഴ
അടിമാലി : വേനല്‍ചൂടിന് ആശ്വാസമായി ജില്ലയിലുടനീളം വേനല്‍ മഴ എത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ആരംഭിച്ച മഴ ജില്ലയിലെ ഏതാണ്ട് എല്ലാ മേഖലകളിലും രാത്രിവരെ നീണ്ടുനിന്നു.
തൊടുപുഴ, കട്ടപ്പന, മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ഏലപ്പാറ, അടിമാലി, രാജാക്കാട്, ചെറുതോണി, പീരുമേട്, കല്ലാര്‍കുട്ടി, കൊന്നത്തടി, പണിക്കന്‍കുടി, തിങ്കള്‍ക്കാട്, മുനിയറ പ്രദേശങ്ങളിലെല്ലാം ഇന്നലെ ഭേദപ്പെട്ട മഴ പെയ്തു. പല സ്ഥലങ്ങളിലും ഇടിമുഴക്കത്തോടെയാണ് മഴ എത്തിയത്. മാനം കറുത്തതോടെ കര്‍ഷകര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. വേനല്‍ കടുത്തതോടെ കര്‍ഷകരുടെ മനസില്‍ അശാന്തിയുടെ കരിനിഴലായിരുന്നു. കാര്‍ഷിക മേഖല തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നതിനിടെയാണ് തെല്ലൊരാശ്വാസമായി കുളിര്‍മഴ പെയ്തിറങ്ങിയത്. കുരുമുളക്, ഏലം കര്‍ഷകരെയാണ് വേനല്‍ കൂടുതലായി ബാധിച്ചത്. ജലസേചന സൗകര്യമില്ലാത്ത ഏലത്തോട്ടങ്ങളെല്ലാം കരിഞ്ഞുണങ്ങി.
അവശേഷിക്കുന്ന ഏലച്ചെടികളില്‍ ഉത്പാദനം കുത്തനെ ഇടിയുന്ന സ്ഥിതിയാണ്. കുരുമുളക് ചെടികള്‍ വാടിക്കരിഞ്ഞു. വരള്‍ച്ച ക്ഷീരകര്‍ഷകരെയാണ് ഏറെ വലച്ചത്.പുല്ലുകള്‍ കരിഞ്ഞുണങ്ങിയതും, വൈക്കോലിന്റെ അഭാവവും കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. തമിഴ്‌നാട്ടില്‍ നിന്നും വല്ലപ്പോഴുമെത്തുന്ന വൈക്കോലിന് കിലോക്ക് 10 രുപ വരെയാണ് ഈടാക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ മഴ ലഭിക്കുന്നത്. സാധാരണ ഫെബ്രുവരി ആദ്യ ആഴ്ചയില്‍ വേനല്‍മഴ ലഭിക്കാറുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് മഴ വൈകുകയായിരുന്നു. കാലവര്‍ഷവും തുലാവര്‍ഷവും കാര്യമായി പെയ്യാത്തതിനാല്‍ ഇക്കുറി വേനലിന്റെ ആരംഭത്തില്‍ തന്നെ സ്വാഭാവിക ജലസ്രോതസുകളില്‍ ഭൂരിഭാഗവും വറ്റികയും ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്തു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും ഇന്നലെ കനത്ത മഴ പെയ്തു. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍. മഴ തുടര്‍ന്നാല്‍ കപ്പ, ചേന തുടങ്ങിയ തന്നാണ്ടുവിളകള്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."