സിമന്റ് ഗോഡൗണ്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി; പ്രതിഷേധവുമായി നാട്ടുകാര്‍
നിലമ്പൂര്‍: സിമന്റ് ഗോഡൗണ്‍ പ്രവര്‍ത്തനം പ്രദേശത്തെ ജനജീവിതം ദു:സഹമാക്കുന്നതായി പരാതി. വടപുറം താളിപൊയിലാണ് ജനങ്ങളെ ദുരിതത്തിലാക്കി സിമന്റ് ഗോഡൗണ്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് റോഡിലൂടെ സിമന്റ് കയറ്റിയ 12 ചക്ര വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നത് ജനങ്ങളെ ഒട്ടൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. വാഹനങ്ങളിലെ സിമന്റ് പൊടി കാരണം ആരോഗ്യപ്രശ്‌നങ്ങളാല്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ പ്രയാസപ്പെടുന്നു.
വാഹനങ്ങളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ക്ക് ദോഷകരമാവുന്ന രീതിയിലാണ് കൂടുതല്‍ കമ്പനികള്‍ പ്രദേശത്തു സ്ഥാപിക്കുന്നത്. നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല. രാത്രിയില്‍ അടക്കം നിരന്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നു. അമിതവേഗതയില്‍ വാഹനങ്ങള്‍ പോകുന്നത് കുട്ടികള്‍ക്കടക്കം ഭീഷണിയുയര്‍ത്തുന്നു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഈ റോഡിന്റെ വീതി അഞ്ചു മീറ്ററും കാരിയേജ് വേക്ക് മൂന്നു മീറ്ററുമാണ്. സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം വലിയ ചരക്കു വാഹനങ്ങള്‍ ആറു മീറ്ററില്‍ കൂറഞ്ഞ വീതിയിലുള്ള റോഡില്‍കൂടി നിരോധിച്ചിട്ടുണ്ട്. ഈ ഗോഡൗണില്‍ നിന്നും നിരവധി വലിയ ലോറികളാണ് സിമന്റു ചാക്കുകളുമായി ചെറിയ റോഡിലൂടെ പോകുന്നത്. 20ഉം 30ഉം അതിലധികവും ടണ്‍ ഭാരം വരുന്ന സിമന്റു ചാക്കുകള്‍ 12 വീലുകളുള്ള ചരക്കുലോറികളിലാണ് കൊണ്ടുപോകുന്നത്. വലിയ വാഹനങ്ങളുടെ സഞ്ചാരം വീടുകള്‍ക്കും പ്രദേശത്തിനും അപകടകരമാംവിധം കേടുകള്‍ സംഭവിക്കുന്ന അവസ്ഥയാണ്. സിമന്റ് പൊടിപടലങ്ങള്‍ സ്ത്രീകളും കുട്ടികള്‍ക്കും അടക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
ആസ്തമ, ശ്വാസതടസം അടങ്ങുന്ന രോഗബാധിതരായവര്‍ റോഡിനു സമീപത്ത് തന്നെ താമസിക്കുന്നുണ്ട്. റോഡിനു വീതി കുറവായതിനാല്‍ വലിയ ലോറികള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍പോലും ഇടയില്ലാതെ അപകടസാധ്യതയുണ്ടാക്കുന്നു. ഈ റോഡിന്റെ ഇരുവശത്തും പഴക്കംചെന്ന മതിലുകളും മണ്‍തിട്ടകളുമാണ് മിക്ക സ്ഥലത്തുമുള്ളത്. വലിയ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് ട്രാഫിക് സൈന്‍, റോഡ് ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഗോഡൗണിന്റെ അടുത്ത് എംസാന്റ് നിര്‍മാണ ഫാക്ടറിയും വരുന്നുണ്ട്. എംസാന്റ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സമീപവാസികള്‍ക്കുണ്ടാവും. കൂടുതല്‍ ലോറികള്‍ ഈ ചെറിയ റോഡിലൂടെ പോകുന്ന അവസ്ഥ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ദുരിതം വിതച്ച ലാറ്റക്‌സ് കമ്പനികള്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്ന പ്രദേശമാണിത്. നാട്ടുകാര്‍ ഒന്നടങ്കം രംഗത്തുവന്ന് ലാറ്റക്‌സ് കമ്പനികള്‍ക്കെതിരേ ശക്തമായ സമരമാണ് നടത്തിയത്. തുടര്‍ന്നു ലാറ്റക്‌സ് കമ്പനികള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ വീണ്ടും പ്രദേശത്തെ ഇന്‍ഡസ്ട്രിയല്‍ ഹബ് ആക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."