ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈത്തില്‍ മൂന്നുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു
മനാമ: ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുവൈത്തിലും മൂന്നുപേര്‍ക്കും, ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ആളെ കൂടുതല്‍ പരിശോധനകള്‍ക്കായി ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ മാറ്റി. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
61 വയസ്സുള്ള സൗദി പൗരനും 53 വയസ്സുള്ള കുവൈത്തിക്കുമാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവില്‍ ഗുരുതരമല്ല. 21 വയസ്സുള്ള മറ്റൊരാള്‍ക്ക് കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ യു എ ഇയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് വൈറസ് ബാധിച്ചവര്‍ സാധാരണ നിലയിലേക്ക് തിരിച്ചു പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. യു എ ഇ യില്‍ 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, ഇറാനില്‍ ഇതിനകം തന്നെ അമ്പത് പേരാണ് വൈറസ് ബാധയേറ്റു മരണപ്പെട്ടതായി ഇറാന്‍ നഗരമായ ഖയൂം നഗര പ്രതിനിധി പാര്‍ലമെന്റില്‍ വ്യക്തമാക്കി. കൊറോണ വൈറസ് മരണം പന്ത്രണ്ട് കവിഞ്ഞതായാണ് പുറത്ത് വന്ന ഔദ്യോഗിക വിവരമെന്നിരിക്കെയാണ് ഞെട്ടിക്കുന്ന പ്രസ്താവനയുമായി പാര്‍ലമെന്റംഗം രംഗത്തെത്തിയത്.
വൈറസ് ബാധ ഉയരുന്നതിനെ തുടര്‍ന്ന് സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ഇറാന്‍ സന്ദര്‍ശിക്കുന്നവര്‍ക് സഊദിയിലേക്ക് പ്രവേശനം വിലക്കുകയും ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാനിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സര്‍വ്വീസുകള്‍ നിര്‍ത്തുകയും അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തങ്ങളുടെ കുവൈത് അതിര്‍ത്തി അടക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. സഫ്‌വാന്‍ ബോര്‍ഡര്‍ അടക്കുന്നതായാണ് ഇറാഖ് വ്യക്തമാക്കിയത്. ഇറാനില്‍ നിന്നും പൗരന്മാല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയില്ലെന്നു കഴിഞ്ഞ ദിവസം ഇറാഖ് വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തറിലെ തുറമുഖത്തും വിമാനത്താവളത്തിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലേക്ക് കപ്പലുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കപ്പലുകളെ പ്രത്യേകം നിരീക്ഷിക്കും.
ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പോലും മുന്‍കരുതല്‍ എന്ന നിലയില്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീട്ടിലോ ഐസൊലേഷന്‍ സംവിധാനങ്ങളിലോ 14 ദിവസം കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴി അറിയിച്ചു.
ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധയിലുള്ള മരണം 2463 ആയി ഉയര്‍ന്നു. 78,000ത്തിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."